മലപ്പുറം: ഷാപ്പുകളിൽ കള്ളല്ലാതെ ഭക്ഷ്യവസ്തുക്കൾ വിൽക്കാൻ അനുവാദമില്ലെന്ന് എക്സൈസ് അധികൃതർ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നിലന്പുർ എക്സൈസ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിലുടനീളം ഷാപ്പുകളിൽ കപ്പയും മീൻകറിയും ഉൾപ്പെടെ ഭക്ഷണം വിൽക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഇടപാടുകാരെ ആകർഷിക്കാൻ ഷാപ്പിനു മുന്നിൽ കരിമീൻ, താറാവ് ഇറച്ചി തുടങ്ങിയ വിഭവങ്ങളുടെ ബോർഡും പ്രദർശിപ്പിച്ചിട്ടുണ്ട്. കള്ളിനൊപ്പം “ടച്ചിംഗ്സ്’ വിൽക്കാൻപോലും അനുവാദമില്ലാത്തിടത്താണ് ഷാപ്പുകളിൽ വിഭവസമൃദ്ധമായ ഭക്ഷണം നൽകുന്നത്.
ഭക്ഷണവിൽപനയ്ക്ക് ഭക്ഷ്യ സുരക്ഷ, വാണിജ്യനികുതി വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അനുമതി വേണം. ഉപയോഗിക്കുന്ന വെള്ളം മൂന്ന് മാസത്തിലൊരിക്കൽ പരിശോധിച്ച് സർട്ടിഫിക്കറ്റ് വാങ്ങണം. ജിവനക്കാർക്ക് ആരോഗ്യ വകുപ്പിന്റെ ഹെൽത്ത് കാർഡ് വേണം തുടങ്ങി നിബന്ധനകൾ വേറെയുമുണ്ട്. എന്നാൽ കള്ളുഷാപ്പുകളിൽ ഇതൊന്നും പാലിക്കുന്നില്ല.
നിലന്പുർ എക്സൈസ് സർക്കിളിലെ ഭൂരിഭാഗം ഷാപ്പുകളിലും ഭക്ഷണവിൽപനയുണ്ട്. എന്നാൽ സർക്കിൾ പരിധിയിലെ ഷാപ്പുകളിൽ ഭക്ഷണവിൽപന നടക്കുന്നില്ലെന്നാണ് ചൂരക്കണ്ടിയിലെ പൗരസമിതി നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നിലന്പുർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നൽകിയ മറുപടി.
ഷാപ്പുകളിൽ ഭക്ഷണവിതരണം നടത്താറുണ്ടോ എന്നത് തങ്ങളുടെ അധികാര പരിധിയിൽ വരുന്നതല്ലെന്നും കള്ളിൽ മായമുണ്ടോ എന്നു മാത്രമാണ് നോക്കാറെന്നും അദ്ദേഹം വ്യക്തമാക്കി.