കെ. ഷിന്റുലാല്‍
കോഴിക്കോട് : സംസ്ഥാനത്ത് ലോക്ക്ഡൗണിനിടയിലും വില്പന നടത്തുന്ന കള്ളിന്റെ കിക്ക് നേരിട്ടറിയാന്‍ എക്സൈസ് . ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് തുറന്നു പ്രവര്‍ത്തിച്ച കള്ളുഷാപ്പുകളിലാണ് എക്സൈസ് മിന്നല്‍ പരിശോധന നടത്തുന്നത്.
കള്ളിന്റെ ഉപയോഗം സംസ്ഥാനത്ത് കൂടിയ സാഹചര്യത്തിലാണ് കള്ളിന്റെ വീര്യം സംബന്ധിച്ചും മായം കലര്ത്തിയിട്ടുണ്ടോയെന്നും പരിശോധിക്കാന്‍ എക്സൈസ് തീരുമാനിച്ചത്.
എക്സൈസിന്റെ മൊബൈല്‍ യൂണിറ്റ് കള്ള് ഷാപ്പുകള്‍ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചതായിഉത്തരമേഖല എക്സൈസ് ജോയിന്റ് കമ്മീഷണര്‍ മാത്യു കുര്യന് രാഷ്ട്ര ദീപികയോട് പറഞ്ഞു.
കള്ള് ഷാപ്പുകളില്‍ കൂടുതല്‍ ആളുകള്‍ ഓരേ സമയം എത്തുന്നുണ്ടോയെന്നും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും എക്സൈസ് സംഘം പരിശോധിക്കുന്നുണ്ട്.
ഉത്തരമേഖലയില്‍ നടത്തിയ പരിശോധനയിലൊന്നും മായം കലര്‍ന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.
കളളിനു ഡിമാൻഡ് കൂടി!
മദ്യശാലകള്‍ ലോക്ക്ഡൗണിന് ശേഷം തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ലോക്ക്ഡൗണില്‍ വ്യാജ വാറ്റ് വ്യാപകമായെങ്കിലും എക്സൈസിന്റെയും പോലീസിന്റെയും പരിശോധനയെ തുടര്‍ന്ന് ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്.
ഈ ഘട്ടത്തിലാണ് കഴിഞ്ഞ മാസം 13 മുതല്‍ കള്ളുഷാപ്പുകള്‍ക്ക് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.രാവിലെ ഒന്‍പതു മുതല്‍ രാത്രി ഏഴുവരെയാണ് പ്രവര്‍ത്തന സമയം.
ഇതോടെ സംസ്ഥാനത്തെ 3590 ഓളം കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. നേരത്തെയുള്ളതിനേക്കാള്‍ കൂടുതല്‍ ആവശ്യക്കാരും കള്ളിന് എത്തുന്നുണ്ട്.
മദ്യശാലകള്‍ കൂടി തുറക്കാത്ത സാഹചര്യത്തില്‍ ആവശ്യക്കാര്‍ കൂടിയതോടെ വ്യാജ കള്ള് വില്പന നടത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. തുടര്‍ന്നാണ് എക്സൈസ് പരിശോധന ശക്തമാക്കിയത്.
കള്ളില്‍ മായം കലര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി കേസുകള്‍ എക്സൈസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വീര്യം കൂടാന്‍ കള്ളില്‍ മായം കലര്‍ത്തിയ നിരവധി ഷാപ്പുകള്‍ക്കെതിരേ എക്സൈസ് നടപടിയും സ്വീകരിച്ചിരുന്നു.
കോഴിക്കോട് കുന്ദമംഗലത്തെ ഷാപ്പില് കഞ്ഞിവെള്ളം കലര്‍ത്തിയും കള്ള് വില്പന നടത്തിയിരുന്നത് എക്സൈ് പിടികൂടിയിരുന്നു. കോട്ടയം ജില്ലയില്‍ നിന്ന് നേരത്തെ കഞ്ചാവ് കലര്‍ത്തിയ കള്ളും എക്സൈസ് പിടികൂടിയിരുന്നു.
അഞ്ച് ഷാപ്പുകള്ക്കെതിരേയായിരുന്നു അന്ന് നടപടി സ്വീകരിച്ചത്. കഞ്ചാവിന്റെ ഇലയും തണ്ടും പൊടിയാക്കി തുണിയില്‍ കിഴികെട്ടി കള്ളില്‍ ഇടുന്നതായിരുന്നു രീതി.