ചിറ്റൂർ: വടകരപ്പതി പഞ്ചായത്തിൽ ജനവാസ കേന്ദ്രത്തിൽ കള്ളുഷാപ്പ് ആരംഭിച്ചതിനെതിരെ നാട്ടുകാർ സമരം നടത്തിയതിനെ തുടർന്ന് ഷാപ്പ് അടച്ചുപൂട്ടി. കോഴിപ്പാറയ്ക്കു സമീപം എരവട്ടപ്പാറയിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് വ്യാഴാഴ്ച കള്ളുഷാപ്പ് ആരംഭിച്ചത്.
എലിപ്പാറയിൽ അടപ്പിച്ച ഷാപ്പാണ് ഇവിടെ തുടങ്ങിയത്. കൃഷി ആവശ്യങ്ങൾക്ക് ഉപരണങ്ങൾ സൂക്ഷിക്കാൻ വേണ്ടിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബുധനാഴ്ച ഈ സ്ഥലത്ത് ഷാപ്പിന് മുറി കെട്ടിയത്.ഇന്നലെ രാവിലെ അന്പതോളം സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ കള്ള്ഷാപ്പ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം തുടങ്ങി.
കൊഴിഞ്ഞാന്പാറ എസ്.ഐ സജികുമാർ, ചിറ്റൂർ തഹസിൽദാർ വി.കെ രമ എന്നിവർ സ്ഥലത്തെത്തി ചർച്ച നടത്തിയതിനെത്തുടർന്ന് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഷാപ്പ് അടക്കാൻ ഇവർ നിർദേശം നല്കി. എക്സൈസ് കമ്മീഷണർ, കളക്ടർ എന്നിവർക്ക് റിപ്പോർട്ട് നല്കുമെന്നും ഇവർ അറിയിച്ചു.