
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിച്ച് സംസ്ഥാനത്തെ കള്ളുഷാപ്പുകൾ ബുധനാഴ്ച മുതൽ തുറക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ്. രാവിലെ ഒമ്പത് മുതല്‍ രാത്രി ഏഴു വരെയായിരിക്കും പ്രവര്‍ത്തന സമയം.
ഒരാൾക്ക് ഒന്നര ലിറ്റർ വരെ കള്ളു ലഭിക്കും. ഷാപ്പുകളിൽ ഇരുന്നു കുടിക്കാൻ അനുവദിക്കില്ലെന്നു മാ൪ഗ നിർദേശത്തിൽ പറയുന്നു. കുപ്പിയോ പാത്രവുമായോ എത്തുന്നവ൪ക്കു വീട്ടിൽ കൊണ്ടുപോകാം. ചില കള്ളുഷാപ്പുകൾ കുപ്പിയിൽ നൽകും.
ഒരു സമയം ക്യൂവില്‍ അഞ്ച് പേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല. ആവശ്യമായ തൊഴിലാളികളെ മാത്രമേ ഷാപ്പില് അനുവദിക്കൂ. ക്യൂവിൽ നിൽക്കുന്നവർക്കും തൊഴിലാളികൾക്കും മാസ്ക് നിർബന്ധം. കള്ളു വാങ്ങാനെത്തുന്നവരും തൊഴിലാളികളും ശാരീരിക അകലം പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭയാണ് കള്ളുഷാപ്പുകൾ തുറക്കാൻ തീരുമാനിച്ചത്. 3,590 കള്ള് ഷാപ്പുകളാണ് സംസ്ഥാനത്തുള്ളത്.