കണ്ണൂര്‍: സംസ്ഥാനത്ത് ഇന്നലെ മുതല്‍ കൂടുതല്‍ കള്ളുഷാപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങി. മാര്‍ച്ചിൽ നടന്ന ലേല നടപടികള്‍ കോവിഡ് സാമൂഹിക വ്യാപനത്തിനിടയാക്കുമെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ തടസപ്പെടുത്തിയതോടെ നിര്‍ത്തിവച്ച കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലെ 652 ഷാപ്പുകളില്‍ ഭൂരിഭാഗവുമാണ് വില്പന നടത്തി പ്രവര്‍ത്തനം തുടങ്ങിയത്.
കണ്ണൂര്‍ ജില്ലയില്‍ 70 ഗ്രൂപ്പുകളിലായി 384 ഷാപ്പുകളുണ്ട്. ഇതില്‍ മൂന്നു ഗ്രൂപ്പുകളിലുള്ള 15 ഷാപ്പുകളുടെ വില്പനയ്ക്ക് ശേഷമാണ് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. ഇതേത്തുടര്‍ന്ന് വില്പന നിര്‍ത്തിവച്ച 369 കള്ളുഷാപ്പുകളാണ് വില്പന നടത്തി ഇന്നലെ മുതല്‍ തുറന്നത്.
മേയ് 29, 30, ജൂണ്‍ ഒന്ന് തീയതികളിൽ കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വച്ചാണ് ഇവ സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് വില്പന നടത്തിയത്. ഇതുവഴി മൂന്നുകോടിയിലേറെ രൂപയാണ് കണ്ണൂരിൽനിന്ന് സര്‍ക്കാര്‍ ഖജനാവിന് ലഭിച്ചത്.
ലേലത്തില്‍ വിറ്റുപോകാത്ത കള്ളുഷാപ്പുകള്‍ എങ്ങനെ തുറന്നുപ്രവര്‍ത്തിക്കുമെന്ന് അബ്കാരി മേഖലയിലുള്ളവര്‍ ചോദ്യമുന്നയിച്ചതോടെയാണ് ഷാപ്പിന് നിശ്ചിതവില നിശ്ചയിച്ചുള്ള സര്‍ക്കാര്‍ തീരുമാനവും പിന്നീടുള്ള ഷാപ്പ് വില്പനയും.
21 ഗ്രൂപ്പുള്ള പത്തനംതിട്ടയില്‍ ഒറ്റയെണ്ണം പോലും ആദ്യദിനം ലേലം ചെയ്തു നല്‍കാനായിരുന്നില്ല. കോഴിക്കോട് 15 ഗ്രൂപ്പുകളിലായി 90 ഷാപ്പുകളും തൃശൂരില്‍ 11 ഗ്രൂപ്പുകളിലായി 66 ഷാപ്പുകളുമാണ് വില്പന നടത്താന്‍ ബാക്കി ഉണ്ടായത്. തൃശൂരില്‍ ഷോപ്പ് നടത്തിപ്പ് സംബന്ധിച്ച് ചില സാങ്കേതികപ്രശ്നങ്ങളും ഉണ്ടായിരുന്നു.