സ്വന്തം ലേഖകൻ
തൃശൂർ: കള്ളുഷാപ്പുകൾ തുറന്നു, മിന്നൽവേഗത്തിൽ അടച്ചു. രാവിലെ എട്ടരയോടെ തുറന്ന ഷാപ്പുകളിൽ അളന്ന കള്ള് ഒരു മണിക്കൂറിനകം വിറ്റുതീർന്നു. അതിനാലാണ് ഷാപ്പുകൾ അടച്ചത്. രാവിലെ കള്ളു വാങ്ങാൻ കുപ്പികളുമായി എത്തിയ പലർക്കും നിരാശരായി മടങ്ങേണ്ടിവന്നു.
അതതു പ്രദേശത്തെ ചെത്തുതൊഴിലാളികൾ അളന്ന കള്ളു മാത്രമാണു ഷാപ്പിലൂടെ വിറ്റത്. ഇതര സ്ഥലങ്ങളിൽനിന്നു സംഭരിച്ചതും തയാറാക്കിയതുമായ കള്ള് ഷാപ്പുകളിൽ എത്തിയില്ല. അതിനാലാണ് കള്ളിന് ഇത്രയും കടുത്ത ക്ഷാമം അനുഭവപ്പെട്ടത്.
കള്ളുഷാപ്പുകളിൽ കോവിഡ് സുരക്ഷാ നിർദേശങ്ങൾ പാലിച്ചുകൊണ്ടാണ് കള്ളു വിൽപന നടന്നത്. ഇതേസമയം, സംസ്ഥാനത്തെ 4,100 കള്ളുഷാപ്പുകളിൽ പകുതിപോലും ഇന്നലെ തുറന്നില്ല. ആവശ്യത്തിനു കള്ളു കിട്ടാതിരുന്നതിനാലാണ് ഷാപ്പുകൾ തുറക്കാതിരുന്നത്.
തൃശൂർ ജില്ലയിലെ 655 ഷാപ്പുകളിൽ 289 കള്ളുഷാപ്പുകൾ മാത്രമാണു തുറന്നത്. തൃശൂർ, അന്തിക്കാട്, ചേർപ്പ് മേഖലകളിലെ ഷാപ്പുകൾ തുറന്നില്ല. ഈ ഷാപ്പുകളിലെ ചെത്തുകാർ ഷാപ്പുകളിൽ കള്ള് അളക്കാൻ എത്തിയില്ല
കള്ളിനായി തെങ്ങും പനയും ചെത്തിയൊരുക്കുന്ന കാലമായതിനാൽ ഇവിടെ കള്ളു ചെത്തും ഷാപ്പിൽ അളക്കലും ഇല്ലെന്നാണ് എക്സൈസ് നൽകുന്ന വിശദീകരണം. എന്നാൽ ചെത്തുകാർ കള്ള് പിന്നാന്പുറ വഴികളിലൂടെ വിൽക്കുന്നുണ്ടെന്നാണു സംസാരം.
തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി മേഖലയിലെ 112 ഷാപ്പുകളും ഇരിങ്ങാലക്കുട മേഖലയിലെ 56 ഷാപ്പുകളും വാടാനപ്പള്ളിയിലെ 64 ഷാപ്പുകളും കൊടുങ്ങല്ലൂരിലെ 57 ഷാപ്പുകളുമാണ് തുറന്നത്.