മാന്നാർ: നാട്ടുകാർ രാഷ്ട്രീ യവും മതവും മറ്റ് വിഭാഗീയതകളും മറന്ന് ഒന്നിച്ചപ്പോൾ അത് നാടിന്റെ വിജയമായി. മാന്നാറിലെ ജനവാസ കേന്ദ്രത്തിലെ കള്ള് ഷാപ്പിനെതിരേ നാട്ടുകാർ നടത്തിയ സമരം വിജയം കണ്ടത് നാട്ടുകാരുടെ ഈ ഒത്തുചേരലിലൂടെയാണ്.
കള്ളുഷാപ്പ് നിലനിർത്താൻ രാഷ്ട്രീയ പാർട്ടികളിലും സമുദായ സംഘടനകളിലും വിള്ളൽ വീഴ്ത്തി സമരം തകർത്ത് ഷാപ്പ് നടത്താമെന്ന് വിചാരിച്ചവർക്ക് നാട്ടുകാരുടെ ഈ കൂട്ടായ്മ തിരിച്ചടിയായി.
14 ദിവസം നടന്ന സമരം ഷാപ്പിന്റെ ബോർഡുകളും മറ്റും അധികൃതർ എടുത്തുമാറ്റുന്നതുവരെ തുടർന്നു.ഷാപ്പ് ഇവിടെ പ്രവർത്തിക്കില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.
സന്തോഷസൂചകമായി ഇന്നലെ ഉച്ചയ്ക്ക് നാട്ടുകാർ ഒത്ത് ചേർന്ന് സമൂഹസദ്യയും കഴിച്ചാണ് പിരിഞ്ഞത്. സജി ചെറിയാൻ എംഎൽഎയുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ കൂടിയ സമരസമിതി നേതാക്കളുടെയും ഷാപ്പ് തൊഴിലാളി സംഘടനകളുടെയും ലൈസൻസിയുടെയും ഷാപ്പ് കോൺട്രാക്ടറുടെയും സംയുക്ത യോഗത്തിലാണ് ജനവാസ കേന്ദ്രത്തിൽ ഷാപ്പ് തുറക്കണ്ട എന്ന് തീരുമാനമെടുത്തത്.
സമരസമിതി നേതാക്കളായ തോമസ് ചാക്കോ, ബികെ പ്രസാദ്, വികെ ഉണ്ണികൃഷ്ണൻ, പി എൻ ശെൽവരാജൻ,സി.പി സുധാകരൻ,സജു തോമസ്, മധു കുമാർ തൈവിള എന്നിവരും ചെത്ത് തൊഴിലാളി സംഘടന പ്രതിനിധികളായ വരിക്കോലിൽ വാസുദേവൻ ലൈസൻസി സുരേഷ്, തൊഴിലാളി സംഘടന നേതാവ് സിബി, കോൺട്രാക്ടർ മുരളി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.