ചിറ്റൂർ: വടകരപ്പതി ജനവാസകേന്ദ്രത്തിൽ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ തുടങ്ങിയ കള്ളുഷാപ്പ് അടപ്പിക്കാനുള്ള നാട്ടുകാരുടെ സമരത്തിനു ഒടുവിൽ വിജയം. കോഴിപ്പാറയ്ക്കടുത്ത് വട്ടപ്പാറയിലാണ് അന്പതോളം വീടുകൾ, ആംഗൻവാടി, ആരാധനാലയം എന്നിവയ്ക്കുസമീപം മുന്നറിയിപ്പില്ലാതെ രണ്ടുമാസംമുന്പ് കള്ളുഷാപ്പ് തുടങ്ങിയത്.
തുടർന്നു പ്രദേശത്തെ വീട്ടമ്മമാർ കള്ളുഷാപ്പിനു മുന്നിൽ സമരം തുടങ്ങുകയായിരുന്നു. തുടർന്ന് തഹസീൽദാർ ഇടപെട്ട് താത്കാലികമായി ഷാപ്പ് അടപ്പിക്കാനും എക്സൈസ് അധികൃതരിൽനിന്നും വിശദീകരണം ആവശ്യപ്പെടാനും നടപടിയെടുത്തിരുന്നു.കന്നുകാലിതീറ്റയും കാർഷികാവശ്യത്തിനുള്ള വളം സൂക്ഷിക്കാനുമാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് വടകരപ്പതി പഞ്ചായത്തിൽനിന്നും ഷാപ്പുടമ കെട്ടിടനന്പർ കൈവശപ്പെടുത്തിയത്.
പുറംനാടുകളിൽനിന്നും ആളുകളെ വാഹനത്തിലെത്തിച്ച് കള്ളുവില്പന നടത്താനും ശ്രമം നടന്നെങ്കിലും സമരത്തെ തുടർന്നു ഇതെല്ലാം വിഫലമായി. ഇതിനിടെ കള്ളുഷാപ്പ് നീക്കം ചെയ്യുന്നതിനു പ്രത്യേകം ഗ്രാമസഭ ചേർന്നു ചർച്ചനടത്തിയിരുന്നു.
പിന്നീട് പഞ്ചായത്ത് അധികൃതർ ഫയലുകൾ പരിശോധിച്ചതിനെ തുടർന്നു കെട്ടിടനന്പറിനു നല്കിയ അപേക്ഷ സത്യവിരുദ്ധമാണെന്നു കണ്ടെത്തി. തുടർന്നു കെട്ടിടത്തിനു നല്കിയ നന്പർ പിൻവലിച്ചു.ഇതേ തുടർന്നു കഴിഞ്ഞ രണ്ടുമാസമായി നാട്ടുകാർ ഷാപ്പിനുമുന്നിൽ നടത്തിയ റിലേ സമരം പിൻവലിച്ചു ആഹ്ലാദപ്രകടനം നടത്തി.