കോട്ടത്തറ: ആദിവാസിയുടെ മരണം വ്യാജക്കള്ള് കുടിച്ചാണെന്ന സംശയത്തിൽ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ വെങ്ങപ്പള്ളി വീട്ടിയേരി കള്ളുഷാപ്പിൽ പരിശോധന നടത്തി. വെങ്ങപ്പള്ളി മരമൂല കോളനിയിലെ ഗോപിയാണ്(47) ഇന്നലെ വൈകുന്നേരത്തോടെ മരിച്ചത്.
കള്ളുഷാപ്പിനു കുറച്ചകലെ അവശനിലയിൽ ഉച്ചകഴിഞ്ഞാണ് ഗോപിയെ പ്രദേശവാസികൾ കണ്ടെത്തിയത്. ഷാപ്പിൽനിന്നു മദ്യപിച്ച ചിലർക്ക് ഛർദിയും തലകറക്കവും അനുഭവപ്പെട്ടതാണ് ഗോപിയുടെ മരണം വ്യാജക്കള്ള് കുടിച്ചാണെന്ന സംശയത്തിനിടയാക്കിയത്. കള്ളുകുടിച്ചതിനെത്തുടർന്നു അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു പേർ ചികിത്സയിലാണ്.
ഗോപിയുടെ മരണകാരണം സ്ഥിരീകരിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു. എക്സൈസ് ഉദ്യോഗസ്ഥർ ഷാപ്പിൽനിന്നു കള്ളിന്റെ സാംപിൾ ശേഖരിച്ചു.