കരിപ്പൂത്തട്ട്: കള്ളുഷാപ്പിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ മദ്യപന്മാർ തടഞ്ഞുവച്ചു.
ഇന്നലെ രാത്രി ഏഴിനു പിണഞ്ചിറക്കുഴി 41-ാം നന്പർ കള്ളുഷാപ്പിൽ എത്തിയ ഏറ്റുമാനൂർ റേഞ്ചിലെ ഉദ്യോഗസ്ഥരെയാണ് തടഞ്ഞുവച്ചത്.
തങ്ങൾ കുടിക്കുന്ന കള്ള് പരിശോധിക്കാൻകൂടി തയാറാകണമെന്നാവശ്യപ്പെട്ടായിരുന്നു ഉദ്യോഗസ്ഥരെ പതിനഞ്ചോളം വരുന്ന മദ്യപസംഘം ഷാപ്പിനുള്ളിൽ തടഞ്ഞത്.
ജി. ജയകുമാർ എന്ന ലൈസൻസിയുടെ പേരിലാണ് ഷാപ്പ് പ്രവർത്തിക്കുന്നത്. ഇന്നലെ വൈകുന്നേരമെത്തിയ ഉദ്യോഗസ്ഥർ ഷാപ്പിനുള്ളിലെ മാനേജരുടെ കൗണ്ടറിൽ കയറി ഏതാനും മിനിറ്റുകൾക്കു ശേഷം പുറത്തേക്കിറങ്ങുന്പോഴാണ് ഷാപ്പിൽ മദ്യപിച്ചുകൊണ്ടിരുന്നവർ ബഹളം വച്ച് ഉദ്യോഗസ്ഥരെ തടഞ്ഞത്.
കള്ളിൽ മായമാണെന്നും അതുകൊണ്ടു കള്ളു പരിശോധിച്ച ശേഷം പോയാൽ മതിയെന്നുമാവശ്യപ്പെട്ടായിരുന്നു ഇവർ ഉദ്യോഗസ്ഥരെ തടഞ്ഞത്.
ഒടുവിൽ, പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഒന്നും ഇപ്പോൾ തങ്ങളുടെ കൈവശമില്ലെന്നും രണ്ടു ദിവസങ്ങൾക്കുള്ളിൽ വന്നു പരിശോധിക്കാമെന്ന ഉറപ്പും നൽകി ഉദ്യോഗസ്ഥർ മദ്യപരുടെ ഇടയിൽനിന്നു തടി തപ്പുകയായിരുന്നു.