നല്ല സ്റ്റൈലൻ ബാഗ്, അതിനേക്കാൾ മനോഹരമായ ഒരു കുഞ്ഞൻ സ്കൂട്ടർ. അതിൽ ടൈയൊക്കെ ധരിച്ച് ഒരാളങ്ങനെ ഗമയിൽ സഞ്ചരിക്കുകയാണ്.
ആരാണന്നല്ലെ, ടോയി പൂഡിൽ ഇനത്തിൽപ്പെട്ട ഒരു നായ. ആൾ അത്ര നിസാരക്കാനൊന്നുമല്ല. ഇൻസ്റ്റഗ്രാമിൽ അന്പത്തിയേഴായിരത്തിനു മുകളിലാണ് ഇവന്റെ ഫോളോവേഴ്സിന്റെ എണ്ണം.
കൂളായി കുതിപ്പ്
ടോഫി എന്നാണവന്റെ ഓമനപ്പേര്. കക്ഷി മഞ്ഞ നിറത്തിലുള്ള തേനീച്ചയുടെ ആകൃതിയിലുള്ള ബാഗാണ് ധരിച്ചിരിക്കുന്നത്. കഴുത്തിൽ ഒരു ചുമന്ന ടൈയും ധരിച്ചിട്ടുണ്ട്.
ഗമയിൽ സഞ്ചരിക്കുന്ന സ്കൂട്ടറും തേനീച്ചയെപ്പോലെയുള്ളതാണ്. സെൻട്രൽ ലണ്ടനിലെ തെരുവിലൂടെ സ്കൂട്ടറിലങ്ങനെ ചീറിപ്പാഞ്ഞു നടക്കുന്ന കുഞ്ഞു ടോഫിയെ കണ്ടവരാരും കാമറയിൽ ഒന്നു പകർത്താതിരുന്നില്ല.
മുൻ കാലുകൾ ഉപയോഗിച്ചു സ്കൂട്ടർ നിയന്ത്രിക്കുകയും പിൻകാലിൽ സ്കൂട്ടറിൽ നിൽക്കുകയും ചെയ്യുന്ന ടോഫിയുടെ ദൃശ്യങ്ങൾ ഉടമസ്ഥനാണ് ആദ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
ഇതു കണ്ടതും നിരവധി പേരാണ് അന്പരന്ന് ഇത് അദ്ഭുതം തന്നെ എന്നു പറഞ്ഞ് കമന്റ് ചെയ്തിരിക്കുന്നത്.
കടുത്ത പരിശീലനം
ടോഫിക്കു പെട്ടെന്ന് ഒരു ദിവസം കിട്ടിയതൊന്നുമല്ലട്ടോ ഈ കഴിവ്. നിരന്തരമായ പരിശ്രമത്തിനൊടുവിലാണ് ടോഫി ഈ കഴിവ് സ്വന്തമാക്കിയത്.
ആദ്യം ടോഫിയെ സ്കൂട്ടറുമായി ഒരു ചരടുകൊണ്ടു ബന്ധിപ്പിച്ചാണ് പരിശീലനം നൽകിയത്. അങ്ങനെ കുറെ നാളത്തെ പരിശീലനത്തിനൊടുവിൽ ടോഫി നല്ലൊരു ഡ്രൈവറായി.