ഒരക്ഷരമേ മാറിയുള്ളൂ! മോദിയും ഷിയും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ആറ് തവണ ‘കൂടിക്കാഴ്ച’ എന്നത് ‘ഇണചേരല്‍’ എന്നായിപ്പോയി; ദേശീയ മാധ്യമത്തിന് സംഭവിച്ച അബദ്ധത്തില്‍ കണ്ണുതള്ളി സോഷ്യല്‍മീഡിയ

പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും അബദ്ധങ്ങള്‍ സംഭവിക്കുക സ്വാഭാവികമാണ്. ചില അബദ്ധങ്ങള്‍ വന്‍ തമാശയായി മാറാറുമുണ്ട്. ഇത്തരത്തില്‍ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യക്ക് സംഭവിച്ച ഒരബദ്ധമാണ് ഇപ്പോള്‍ വാര്‍ത്തയാവുകയും സമൂഹമാധ്യമങ്ങളില്‍ ചിരിയുണര്‍ത്തിക്കൊണ്ട് പ്രചരിക്കുകയും ചെയ്യുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനം സംബന്ധിച്ച വാര്‍ത്തയിലാണ് ടൈംസ് ഓഫ് ഇന്ത്യക്ക് അബദ്ധം പിണഞ്ഞിരിക്കുന്നത്. മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗും തമ്മില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് തവണ കൂടിക്കാഴ്ച്ച നടത്തുമെന്ന വാര്‍ത്ത പക്ഷെ പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ മോദിയും ഷീ ചിന്‍പിംഗും 24 മണിക്കൂറിനിടെ ആറ് തവണ ഇണചേരുമെന്ന് ആയിപ്പോയി.

ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റില്‍ ഈ വാര്‍ത്ത തിരുത്തിയിട്ടുണ്ടെങ്കിലും പത്രത്തില്‍ അച്ചടിച്ചു വന്നതിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ തങ്ങളുടെ തെറ്റ് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം ഫോട്ടോഷോപ്പിലൂടെ ആരോ നിര്‍മ്മിച്ചതാണെന്നാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍, സംഭവത്തെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ നല്‍കുന്ന വിശദീകരണം. തങ്ങളുടെ എല്ലാ എഡിഷനുകളിലും വാക്ക് ശരിയായി തന്നെയാണ് അച്ചടിച്ചിരിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.

ഉഭയകക്ഷി ബന്ധങ്ങള്‍, ആഗോള പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ഇരുനേതാക്കളും കൂടിക്കാഴ്ച്ച തീരുമാനിച്ചിരിക്കുന്നത്. ഇരുനേതാക്കളും മുഖാമുഖം കൂടിക്കാഴ്ച്ച നടത്തുന്നത് കൂടാതെ ഇരുരാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളെയും ഉള്‍പ്പെടുത്തി യോഗങ്ങള്‍ നടത്തുന്നുണ്ട്.

Related posts