രാജ്യത്ത് എല്ലാ കുടുംബങ്ങളിലും ശൗചാലയം നിര്‍മ്മിക്കണമെന്ന നിര്‍ബന്ധത്തിലാണ് ഭരണാധികാരികള്‍. പക്ഷേ സെപ്റ്റിക് ടാങ്ക് ഇല്ലാതെ എങ്ങനെ ശൗചാലയം ഉപയോഗിക്കും എന്ന ന്യായമായ സംശയമാണ് മധ്യപ്രദേശിലെ ചത്തര്‍പൂര്‍ ജില്ലയിലെ കൊഡാന് ഗ്രാമവാസി സുശീല ഉന്നയിക്കുന്നത്. അതിനാല്‍ സുശീലയുടെ കുടുംബം തങ്ങളുടെ വീട്ടില്‍ പാതിപണി പൂര്‍ത്തിയാക്കി വച്ചിരിക്കുന്ന ശൗചാലയം അടുക്കളയാക്കി മാറ്റിയിരിക്കുകയാണ്. ശൗചാലയം നിര്‍മ്മിക്കാനുള്ള പണമെല്ലാം ബാങ്ക് അക്കൗണ്ടില്‍ സമയത്ത് വന്നിരുന്നു. പണമെടുത്ത് ശൗചാലയം നിര്‍മ്മിച്ചു നല്കുന്ന ഗ്രാമമുഖ്യന് നല്കി. എന്നാല്‍ ശൗചാലയ നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന് സുശീലയുടെ ഭര്‍ത്താവ് ദിനേശ് യാദവ് പരിഭവിക്കുന്നു. ഇതേ അവസ്ഥ തന്നെയാണ് ദേരി റോഡിലെ ലക്ഷ്മണ് കുശ്വാഹയും നേരിടുന്നത്. കരാറുകാരന് സെപ്റ്റിക് ടാങ്ക് വേണ്ടവിധത്തില്‍ നിര്‍മ്മിച്ച് നല്‍കാതെ മുങ്ങിയതോടെ ശൗചാലയം പലചരക്ക് കടയാക്കി മാറ്റിയിരിക്കുകയാണ് കുശ്വാഹ. കരാറുക്കാരന്റെ ചതിയെക്കുറിച്ച് അധികൃതരോട് പലതവമ പരാതിപെട്ടിരുന്നു.
പക്ഷെ ആരും ചെവികൊണ്ടില്ല. അതിനാല്‍ അച്ഛന് ശൗചാലയം പലച്ചരക്ക് കടയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആറ് മാസം മുമ്പാണ് ശൗചാലയം നിര്‍മ്മിച്ചത്. ഗ്രാമീണര്‍ ശൗചാലയം അടുക്കളയും പലച്ചരക്ക് കടയുമാക്കി മാറ്റിയതിന്റെ കാരണം അന്വേഷിക്കുമെന്നാണ് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഡികെ മൗര്യയുടെ പ്രതികരണം. ഒക്ടോബര്‍ മാസത്തോടെ ജില്ലയെ തുറസ്സായ വിസര്‍ജ്ജന വിമുക്ത ഇടമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. ഗ്രാമീണ മേഖലകളില്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ട 1.96 ലക്ഷം ശൗചാലയങ്ങളില്‍ 55,000 എണ്ണം ഇതിനകം നിര്‍മ്മിച്ചു. പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ച്ചകള്‍ ഉണ്ടെന്ന കാര്യം സമ്മതിക്കുന്നു. ഉത്തരവാദികള്‍ ആയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ചത്തര്‍പൂര്‍ നഗരത്തില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്ന 2822 ശൗചാലയങ്ങളില്‍ 1600 എണ്ണം നിര്‍മ്മിച്ചുവെന്നാണ് ചീഫ് മുന്‍സിപ്പല്‍ ഓഫീസര്‍ കാമത് ഗുപ്തയുടെ അവകാശവാദം.
ദേരി റോഡില്‍ ശൗചാലയം പലച്ചരക്ക് കടയാക്കിയതിനെകുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വച്ഛ് ഭാരത് അഭിയാന് പദ്ധതിയ്ക്ക് കീഴില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും നടക്കുന്ന ശൗചാലയ നിര്‍മ്മാണങ്ങളില്‍ വ്യാപക ക്രമക്കേടാണ് നടക്കുന്നതെന്ന് പ്രാദേശിക എന്‍ജിഒ കണ്‍വീനര്‍ ആര്‍കെ താപക് പരാതിപ്പെടുന്നു. ഗ്രാമമുഖ്യന്മാരും അധികൃതരുമാണ് പലയിടത്തും കരാറുകാര്‍. തങ്ങള്‍ നിര്‍മ്മിച്ചില്ലെങ്കില്‍ അധികൃതര്‍ ശൗചാലയ നിര്‍മ്മാണത്തിന് അംഗീകാരം നല്‍കില്ലെന്നാണ് ഇവര്‍ ഗ്രാമീണരോട് പറയുന്നത്. അതിനാല്‍ ഗ്രാമീണര്‍ ശൗചാലയം നിര്‍മ്മാണത്തിന്റെ ചുമതല അവരെ ഏല്‍പ്പിക്കുന്നു. ഇതേകുറിച്ച് വിശദമായ അന്വേഷണം നടത്തണം. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികമായ 2019 ഒക്ടോബര്‍ രണ്ടിന് രാജ്യത്തെ തുറസ്സായ മലമൂത്ര വിസര്ജ്ജ വിമുക്ത ഇടമായി പ്രഖ്യാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോഡി സര്‍ക്കാര്‍ സ്വച്ഛ്ഭാരത് അഭിയാന് പദ്ധതി പ്രഖ്യാപിച്ചത്.