ഷാങ്സി(ചൈന): പ്രകൃതിയുടെ വിളി കേട്ട് ടോയ്ലറ്റിൽ പോകണമെന്നു തോന്നിയാൽ പിന്നെ അധികസമയമൊന്നും ആർക്കും പിടിച്ചുനിൽക്കാനാവില്ല. ഏതുസമയത്താണെങ്കിലും എവിടെയാണെങ്കിലും കാര്യം സാധിക്കേണ്ടി വരും.
പൊതുസ്ഥലത്തുപോലും ഇതിനുള്ള സൗകര്യങ്ങൾ അധികൃതർ ഒരുക്കാറുമുണ്ട്. എന്നാൽ, രാത്രി വൈകി ബോർഡിംഗ് സ്കൂളിലെ ടോയ്ലെറ്റ് ഉപയോഗിച്ചതിന് ഒരു വിദ്യാർഥിയെകൊണ്ട് ക്ഷമാപണക്കത്ത് എഴുതിച്ച സംഭവമാണു വടക്കൻ ചൈനയിൽനിന്നു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഷാങ്സി പ്രവിശ്യയിലെ യുൻഡോംഗ് സെക്കൻഡറി സ്കൂളിലെ ഫോം ത്രീ വിദ്യാർഥിക്കാണു വിചിത്രശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. രാത്രി 11നു ബാത്റൂമിൽ പോയതിനു കുട്ടിയെകൊണ്ടു ക്ഷമാപണക്കത്ത് എഴുതിപ്പിക്കുകയും അതിന്റെ ആയിരം ഫോട്ടോ കോപ്പികൾ മറ്റു വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു.
കൂടാതെ വിദ്യാർഥിയുടെ ക്ലാസിലെ പ്രതിമാസ അച്ചടക്ക സ്കോറിൽനിന്ന് അഞ്ച് പോയിന്റുകൾ കുറയ്ക്കുകയും ചെയ്തു. ക്ഷമാപണക്കത്തിലെ വരികൾ ഇങ്ങനെ: “ഞാൻ സ്കൂൾ നിയമങ്ങൾ ഗുരുതരമായി ലംഘിച്ചു, രാത്രി ടോയ്ലറ്റിൽ പോയത് മറ്റ് വിദ്യാർഥികളുടെ ഉറക്കം കെടുത്തി, എന്റെ ക്ലാസിന് നാണക്കേടുണ്ടാക്കി.
സഹപാഠികളോടും സ്കൂളിനോടും ആത്മാർഥമായി ക്ഷമാപണം നടത്തുന്നു, ഭാവിയിൽ ഇത് ആവർത്തിക്കില്ലെന്നു പ്രതിജ്ഞയെടുക്കുന്നു’. ഈ സംഭവം വിവാദമായതോടെ സ്കൂളിനെതിരേ പ്രാദേശിക വിദ്യാഭ്യാസ അഥോറിറ്റി അന്വേഷണത്തിന് ഉത്തരവിട്ടു. കൂടാതെ ക്ഷമാപണക്കത്തിന്റെ ഫോട്ടോ കോപ്പി എടുപ്പിച്ചതിന് നഷ്ടപരിഹാരമായി 1,200ഓളം രൂപ നൽകണമെന്നും നിർദേശിച്ചു.