ചേർത്തല: ദേശീയപാതയോരത്ത് രാത്രികാലങ്ങളിൽ വ്യാപകമായി കക്കൂസ് മാലിന്യങ്ങൾ തള്ളുന്നു. മായിത്തറ, ചേർത്തല റെയിൽവേ സ്റ്റേഷൻപരിസരം, പട്ടണക്കാട്, വയലാർകവല, പുതിയകാവ്, പുത്തൻചന്ത തുടങ്ങിയ ഭാഗങ്ങളിലാണ് ഇതു പതിവാകുന്നത്. ടാങ്കർ ലോറികളിലെത്തിയാണ് മാലിന്യം തള്ളിയിരിക്കുന്നത്്. മായിത്തറയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഒന്പത് ലോഡ് മാലിന്യമാണ് തള്ളിയത്. മായിത്തറ ചന്ത മുതൽ തിരുവിഴ കവലവരെയുള്ള ഭാഗത്താണ് രാത്രിയിൽ മാലിന്യം തള്ളുന്നത്.
ഒന്നിലേറെ ടാങ്കറുകൾ ഒന്നിച്ചെത്തിയാണ് റോഡുവക്കത്തേക്ക് മാലിന്യം ഒഴുക്കുന്നത്. ലോറികളുടെ പിന്നിലുള്ള വാൽവ് തുറന്നാൽ നിമിഷങ്ങൾക്കകം ലോറികളിലെ മാലിന്യം മുഴുവൻ റോഡരുകിൽ പതിക്കും. ഉടനെ വാഹനങ്ങൾ സ്ഥലംവിടുകയാണെന്ന് പരിസരവാസികൾ പറയുന്നു.
ആരെങ്കിലും ചോദ്യം ചെയ്താൽ മാരകായുധങ്ങൾകാട്ടി ഭയപ്പെടുത്തുകയാണ് പതിവെന്നും നാട്ടുകാർ പറയുന്നു. അർധരാത്രിക്ക് ശേഷം ദേശീയപാതയിൽ വാഹനഗതാഗതം തീരെക്കുറയുന്പോഴാണ് മാലിന്യവണ്ടികൾ ഇവിടെയെത്തുന്നത്. ഒന്നര കിലോമീറ്ററോളം ഭാഗത്ത് ആൾസഞ്ചാരം കുറഞ്ഞയിടമാണ് മാലിന്യം തള്ളുന്നതിന് പ്രയോജനപ്പെടുത്തുന്നത്. മാസത്തിൽ കുറഞ്ഞത് മൂന്ന് തവണയെങ്കിലും പാതയോരം കക്കൂസ് മാലിന്യത്താൽ നിറയും.
പരിസരവാസികളും വഴിപോക്കരും അസഹ്യമായ ദുർഗന്ധമാണ് അനുഭവിക്കുന്നത്. മഴപെയ്താൽ മാലിന്യം കലർന്ന് വെള്ളം അടുത്ത വീട്ടുമുറ്റങ്ങിലേക്ക് ഒഴുകിയെത്തും. ഹൈവേ പൊലീസ് ഈ മേഖലയിൽ നിരീക്ഷണം ശക്തമാക്കണമെന്നും പഞ്ചായത്തുകളും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.