സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: ശങ്കതീർക്കാനും കാര്യം സാധിക്കാനും സ്ഥലം ത്പ്പി നടക്കേണ്ട ഗതികേട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്നവർക്ക് ഇനി വേണ്ട. പൊതുശൗചാലയം എന്ന വർഷങ്ങളുടെ ആവശ്യം ഒടുവിൽ മെഡിക്കൽകോളജ് ആശുപത്രിയിൽ യാഥാർത്ഥ്യമാകുന്നു. ജില്ലക്കകത്തുനിന്നും പുറത്തുനിന്നും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്നവർ കാലങ്ങളായി പൊതുശൗചാലയം വേണമെന്ന ആവശ്യം ഉന്നയിക്കാറുണ്ട്.
എട്ടു വർഷംമുന്പ് ജില്ലാ പഞ്ചായത്തിന്റെ ശുചിത്വ പദ്ധതി പ്രകരം 40 ലക്ഷം രൂപ ചിലവഴിച്ച് സ്ത്രീകൾക്കും പുരുഷൻമാർക്കും വേണ്ടിയുള്ള പൊതുശൗചാലയത്തിനായി രണ്ടു കെട്ടിടങ്ങൾ ആശുപത്രിക്കു സമിപം നിർമിച്ചിരുന്നു. എന്നാൽ വേണ്ട യാതൊരു സൗകര്യവും ഇല്ലാത്തതുകൊണ്ടുതന്നെ ആ കെട്ടിടം ശരിയാം വിധം ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.
ദിവസേന ഒപിയിലെത്തുന്ന നിരവധി രോഗികളും അവരുടെ കൂട്ടിരിപ്പുകാരും പൊതുശൗചാലയമില്ലാത്തതുകൊണ്ട് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ കഴിയാതെ ഏറെ ബുദ്ധിമുട്ടുകൾനേരിട്ടിരുന്നു. പലരും കാര്യങ്ങൾ സാധിക്കുന്നത് ആശുപത്രി പരിസരത്തെ കുറ്റിക്കാടുകളിലും ആശുപത്രിയുടെ കോണിച്ചുവട്ടിലും ആശുപത്രി മതിലിനു സമീപവുമൊക്കെയായിരുന്നു.
പുരുഷൻമാരേക്കാൾ ബുദ്ധിമുട്ടിയിരുന്നത് സ്ത്രീകളാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ പരാതി നൽകിയെങ്കിലും അധികൃതർ നടപടികളൊന്നും കൈക്കൊണ്ടിരുന്നില്ല. വൃത്തിഹീനമായി കിടന്നിരുന്ന രണ്ടു കെട്ടിടങ്ങൾ നല്ല രീതിയിൽ പൊതുശൗചാലയമായി പ്രവർത്തിപ്പിച്ചിരുന്നെങ്കിൽ ആശുപത്രി വികസന ഫണ്ടിലേക്കും വരുമാനമുണ്ടാകുമായിരുന്നു.
നിരന്തര ആവശ്യങ്ങൾക്കൊടുവിൽ ഇപ്പോൾ ആശുപത്രി ഭരണാധികാരികൾ മുൻകയ്യെടുത്ത് പൊതുശൗചാലയം തുറക്കാൻ നീക്കം തുടങ്ങി. രണ്ട് ദിവസത്തിനുള്ളിൽ കെട്ടിടം നവികരിച്ച് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി പൊതുശൗചാലയം പൊതുജനത്തിനു തുറന്നു കൊടുക്കും. അതിനുള്ള ഫണ്ട് ആശുപത്രി വികസന ഫണ്ടിൽ നിന്നും അനുവദിച്ച് പ്രവർത്തികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കെട്ടിടത്തിനു ചുറ്റും വേലി കെട്ടി മറയ്ക്കും.