വടകര: പഴയ ബസ് സ്റ്റാന്‍ഡിലെ ശുചി മുറിയില്‍ പ്രാഥമിക കര്‍മം നിര്‍വഹിക്കാനെത്തിയ വൃദ്ധനെ നഗരസഭാ ജീവനക്കാരന് പൂട്ടിയിട്ട് മുങ്ങി. ചേരാപുരം സ്വദേശി പൂക്കോയ തങ്ങളാണ് രണ്ടു മണിക്കൂറോളം ശുചിമുറിയില്‍ കുടുങ്ങിയത്.
പണം നല്കി പ്രാഥമിക കര്‍മം നിര്‍വ്വഹിക്കാന്‍ ശുചി മുറിയില്‍ കയറിയ ആള് പുറത്തിറങ്ങും മുന്‍പ് ശുചിമുറിയുടെ ചുമതലയുള്ള നഗരസഭാ കണ്ടിജന്‍സി ജീവനക്കാരന് പുറത്തു നിന്നും ഗ്രില്‍സ് പൂട്ടി സ്ഥലം വിടുകയായിരുന്നു.
ശുചി മുറിയില്‍ കുടുങ്ങിയ വൃദ്ധന് പുറത്തു കൂടി പോകുകയായിരുന്നവരെ കാര്യം ധരിപ്പിച്ചെങ്കിലും രണ്ടു മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് നഗരസഭാ ജെഎച്ച്ഐ രാജേഷ് സ്ഥലത്തെത്തി ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്ത് വൃദ്ധനെ പുറത്തിറക്കിയത്.
സ്ഥലത്ത് തടിച്ചു കൂടിയ ജനങ്ങള്‍ ഉദ്യോഗസ്ഥന് നേരെ കയര്‍ത്തെങ്കിലും ഇദ്ദേഹം കൈ മലര്‍ത്തുകയായിരുന്നു. സംഭവത്തില്‍ ജീവനക്കാരന് കൃത്യ വിലോപം കാണിച്ചതായും ഇതു സംബന്ധിച്ച് നഗരസഭാ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ജെഎച്ച്ഐ പറഞ്ഞു.