സിതാപുർ: ഉത്തർപ്രദേശിലെ സർക്കാർ സ്കൂളിലെ പ്രിൻസിപ്പൽ ഭഗവതി പ്രസാദ് കക്കൂസിൽ തടി സ്റ്റൂളിൽ ഇരിക്കുന്ന ചിത്രം സഹിതമുള്ള സാക്ഷിപത്രം. വേറൊന്നിനുമല്ല, ജോലി ചെയ്ത ശമ്പളം ലഭിക്കാനാണ് ഭഗവതിക്ക് ഈ സാക്ഷിപത്രം അധികാരികൾക്കു മുന്നിൽ ഹാജരാക്കേണ്ടിവന്നത്.
ആധാർ, ഫോൺ നമ്പറുകളും അടക്കം വ്യക്തിവിവരങ്ങളെല്ലാം ഈ സാക്ഷിപത്രത്തിൽ ചേർത്തിട്ടുണ്ട്. ഇതിന്റെ പകർപ്പ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. സിതാപുരിലെ സർക്കാർ സ്കൂൾ പ്രിൻസിപ്പലാണ് ഭഗവതി.
സർക്കാർ ജീവനക്കാർ വീട്ടിൽ ശൗചാലയമുണ്ടെന്ന് വ്യക്തമാക്കുന്ന സാക്ഷിപത്രം ജില്ലാ പഞ്ചായത്ത് ഓഫീസർക്ക് നൽകണമെന്ന് സിതാപുർ ജില്ലാ മജിസ്ട്രേറ്റ് ശീതൾ വർമ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ച് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായാണ് നിർദേശം നൽകിയത്.
ശൗചാലയത്തിന്റെ ചിത്രം അയച്ചുനൽകാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളം തടയുമെന്നും ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. മെയ് 27 ന് മുമ്പ് ചിത്രം അയക്കണമെന്നാണ് നിർദേശം. എന്നാൽ ഈ ഉത്തരവിനെതിരെ വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. ഇതിനകം തന്നെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും ചിത്രം അയച്ചുനൽകിയതായി അധികൃതർ അറിയിച്ചു.