ഇരിങ്ങാലക്കുട: നഗരസഭ കെട്ടിടത്തിലെ ശുചിമുറി മാലിന്യം പൈപ്പുവഴി പുറത്തേക്ക് ഒഴുക്കി നഗരസഭ “മാതൃക’യാകുന്നു. ഠാണാവിൽ തൃശൂർ റോഡിലുള്ള നഗരസഭയുടെ കെട്ടിടത്തിലെ ശുചിമുറിയിൽനിന്നാണ് വർഷങ്ങളായി മാലിന്യം പുറത്തേക്ക് തള്ളുന്നത്.
പുതുതായി നിർമിക്കുന്ന ജനറൽ ആശുപത്രി ഒപി ബ്ലോക്കിനു മുന്പിലാണു നഗരസഭയുടെ കെട്ടിടം. തൃശൂർ റോഡിനു അഭിമുഖമായി ജനറൽ ആശുപത്രിയിൽ പുതിയ ഒപി ബ്ലോക്ക് നിർമാണം ആരംഭിച്ചതോടെയാണു മാലിന്യ പ്രശ്നം “പുറത്തായത്’. കാടു പിടിച്ച് കിടന്നിരുന്ന സ്ഥലം നിർമാണത്തൊഴിലാളികൾ വെട്ടി തെളിച്ചതോടെയാണു മാലിന്യ പൈപ്പ് ശ്രദ്ധയിൽപ്പെട്ടത്.
14 ഓളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കാലപ്പഴക്കം ചെന്ന ശോചനീയാവസ്ഥയിലായ കെട്ടിടത്തിലെ ശുചിമുറി ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. ശുചിമുറിയുടെ ശോചനീയാവസ്ഥയ്ക്കെതിരെയും മാലിന്യം ഒഴുക്കുന്നതിനെതിരെയും കെട്ടിടത്തിലെ സ്ഥാപന ഉടമകൾ തന്നെ വർഷങ്ങളായി ഒട്ടേറെ പരാതികൾ നഗരസഭയ്ക്ക് നൽകിയിട്ടും ഈ “മാതൃക’ നടപടിയെ പ്രോത്സാഹിപ്പിക്കുകയാണ് അധികൃതർ.
ജനറൽ ആശുപത്രി ഒപി ബ്ലോക്ക് പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രശ്നം രൂക്ഷമാകും. പകർച്ചവ്യാധികൾക്കെതിരെ ആരോഗ്യവിഭാഗം ജനങ്ങളെ ബോധവൽക്കരിക്കുന്പോഴാണു നഗരസഭ സ്വന്തം കെട്ടിടത്തിലെ മാലിന്യം പൈപ്പ് വഴി പുറത്തേക്ക് ഒഴുക്കുന്നത്.