വിമാനത്തിലെ ടോയ്ലറ്റുകളില് രഹസ്യമായി ഒളിപ്പിച്ച ഐഫോണ്‍ ഉപയോഗിച്ച് കൗമാരക്കാരായ പെണ്‍കുട്ടികളുടെ വീഡിയോകൾ ചിത്രീകരിച്ചെന്ന് അമേരിക്കൻ എയർലൈൻസിലെ മുൻ ഫ്ലൈറ്റ് അറ്റൻഡന്റിന്റെ വെളിപ്പെടുത്തൽ. 37കാരനുമായ എസ്റ്റസ് കാർട്ടർ തോംസൺ ആണു കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. 2023 ല്‍ സെപ്റ്റംബർ രണ്ടിന് ഷാർലറ്റിൽനിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്തിരുന്ന 14 വയസുള്ള ഒരു പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിചാരണ.
വിമാനത്തിലെ ടോയ്ലറ്റില് “സീറ്റ് മോശമാണ്’ എന്ന മുന്നറിയിപ്പ് ബോര്‍ഡ് പെണ്‍കുട്ടി ശ്രദ്ധിച്ചു. ഒപ്പം മുന്നറിയിപ്പ് എഴുതി ഒട്ടിച്ച കടലാസിന് പിന്നില്‍നിന്ന് ഒരു മങ്ങിയ വെളിച്ചം വരുന്നതും കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം കുട്ടി അപ്പോൾതന്നെ മറ്റ് കാബിന് ക്രൂ അംഗങ്ങളെ അറിയിച്ചു. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ ടോയ്ലറ്റ് സീറ്റിന് പിന്നില്‍ ഒളിപ്പിച്ചുവച്ച ഐഫോണ്‍ കണ്ടെത്തുകയും തോംസണെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അറസ്റ്റിന് പിന്നാലെ ഇയാളുടെ നോർത്ത് കരോലിനയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഐക്ലൗഡ് അക്കൗണ്ടില്‍നിന്ന് ഏഴ് വയസിനും 14 വയസിനും ഇടയിലുള്ള പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യങ്ങളും എഐ ഉപയോഗിച്ച് സൃഷ്ടിച്ച കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വീഡിയോകളും കണ്ടെത്തി. കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് 15 മുതല്‍ 20 വര്‍ഷം വരെയും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വച്ചതിന് 20 വര്‍ഷം വരെയും തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഈ മാസം 17ന് ഇയാളുടെ ശിക്ഷ വിധിക്കുമെന്നു റിപ്പോര്‍ട്ടുകളിൽ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഇയാളെ പുറത്താക്കിയതായി അമേരിക്കന്‍ എയർലൈന്‍സ് സ്ഥിരീകരിച്ചു.