ദരിദ്രര്‍ക്കുവേണ്ടി നടപ്പാക്കുന്ന പല പദ്ധതികളും കൈയ്യൂക്കുള്ളവന്‍ കൈക്കലാക്കുന്ന പരിപാടി പലപ്പോഴും കണ്ടുവരുന്നതാണ്. അത്തരത്തിലൊരു വാര്‍ത്തയാണ് ബീഹാറില്‍ നിന്ന് ഇപ്പോള്‍ വരുന്നത്. ബീഹാര്‍ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വീടുകളില്‍ കക്കൂസ് നിര്‍മിക്കാനായി നല്‍കിയ ധനസഹായം വൈശാലി ജില്ലയിലെ വിഷ്ണുപുര്‍ റാം ഗ്രാമവാസിയായ യോഗേശ്വര്‍ ചൗധരി തട്ടിയെടുത്തത് 42 തവണയാണ്.
വ്യാജ അപേക്ഷകള്‍ നല്‍കി ഇയാള്‍ സര്‍ക്കാരില്‍ നിന്നും തട്ടിയെടുത്തത് 42 കുടുംബങ്ങള്‍ക്കു ലഭിക്കേണ്ട മൂന്നര ലക്ഷത്തോളം രൂപയാണ്. വ്യത്യസ്ത തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് അപേക്ഷകള്‍ നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. സാമൂഹിക പ്രവര്‍ത്തകനായ രോഹിത് കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് കക്കൂസിനു വേണ്ടി തട്ടിപ്പ് നടത്തിയ കഥകള്‍ പുറത്തുവരുന്നത്. എന്നാല്‍ ചൗധരി മാത്രമല്ല നിരവധി പേര്‍ ലക്ഷക്കണക്കിന് രൂപ ഈ മാര്‍ഗ്ഗത്തിലൂടെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് രോഹിത് കുമാര്‍ പറയുന്നത്.
ഇതേ ഗ്രാമത്തിലെ വിശ്വേശ്വര്‍ റാം എന്നയാള്‍ പത്ത് തവണയാണ് സ്വന്തം വീട്ടില്‍ കക്കൂസ് നിര്‍മ്മിക്കാന്‍ സര്‍ക്കാരില്‍ നിന്നും പണം കൈപറ്റിയിരിക്കുന്നത്. ഒരു ലക്ഷത്തോളം രൂപയാണ് ഇയാള്‍ ഇങ്ങനെ കൈക്കലാക്കിയത്. 12000 രൂപയാണ് വീടുകളിലെ കക്കൂസ് നിര്‍മ്മാണത്തിനായി ബീഹാര്‍ സര്‍ക്കാര്‍ നല്‍കുന്നത്. വ്യാജരേഖ നല്‍കി ഇത്തരത്തില്‍ വലിയ തോതില്‍ തിരിമറി നടന്നിട്ടുണ്ടെന്നാണ് രോഹിത്കുമാര്‍ ആരോപിക്കുന്നത്. എന്നാല്‍ തട്ടിപ്പിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമെ വ്യക്തമായ ധാരണയിലെത്താന്‍ കഴിയൂ എന്ന നിലപാടിലാണ് അധികൃതര്‍.