ആലപ്പുഴ: ചെട്ടികാട് ആശുപത്രിയിൽ ഒപി വിഭാഗത്തിൽ ടോക്കണ്‍ സംവിധാനം ഇല്ലാത്തതു മൂലം രോഗികളും ഡോക്ടർമാരും ഒരുപോലെ ബുദ്ധിമുട്ടുന്നു. രോഗികൾ പരിശോധന മുറിക്കു മുന്പിൽ തിങ്ങിക്കൂടി നിൽക്കുന്നത് പരിശോധനയേയും ബാധിക്കുന്നു. ദിവസേന 500 ഓളം രോഗികളാണ് ചെട്ടികാട് റൂറൽ ഹെൽത്ത് ട്രെയിനിംഗ് സെന്ററിലെ ഒപി വിഭാഗത്തിൽ ചികിത്സക്കായി എത്തുന്നത്.
രോഗികൾക്കു നൽകുന്ന ചീട്ടിൽ കുറിക്കുന്ന നന്പരിന്റെ ക്രമത്തിലാണ് പരിശോധനയ്ക്കായുള്ള ഉൗഴം നിശ്ചയിക്കുന്നത്. പരിശോധന മുറിക്കു മുന്പിൽ ക്യൂ നിന്നാണ് രോഗികൾ അകത്തേക്കു കയറുന്നത്. എന്നാൽ ക്യൂ നിൽക്കുന്ന രോഗികൾ പരിശോധന മുറിയിലേക്കു കയറി നിൽക്കുന്നത് പതിവു കാഴ്ചയാണ്. ഇതു മൂലം രോഗികൾക്ക് രോഗവിവരങ്ങൾ പറയുവാനോ ഡോക്ടർമാർക്ക് ശരിയായ രീതിയിൽ പരിശോധിക്കാനോ സാധിക്കുന്നില്ല.
ഡോക്ടർമാരോ ജീവനക്കാരോ ഇത് നിയന്ത്രിക്കുന്നുമില്ല. നന്പർ ക്രമത്തിൽ ആളെ കയറ്റി വിടാൻ ചിലപ്പോൾ ജീവനക്കാർ നിൽക്കാറുണ്ട്. എന്നാൽ ഇതു തിരക്കു നിയന്ത്രിക്കാൻ സഹായിക്കുന്നില്ല. രോഗികൾക്ക് കാത്തിരിക്കാനും വിശ്രമിക്കാനുമായി ഇരിപ്പിടങ്ങൾ സജീകരിച്ചിട്ടുണ്ട്. എന്നാൽ ടോക്കണ്‍ സംവിധാനം ഇല്ലാത്തതിനാൽ രോഗികൾക്ക് ക്യൂ നിൽക്കുകയേ നിവൃത്തിയുള്ളൂ.
മണിക്കൂറുകളോളം ക്യൂ നിന്നു വേണം മിക്ക ദിവസങ്ങളിലും രോഗികൾക്ക് ഡോക്ടറെ കാണാൻ. ഡോക്ടറെ കണ്ട ശേഷവും ഫാർമസിയിൽ മരുന്നു വാങ്ങണമെങ്കിലും നിൽക്കണം മണിക്കൂറുകളോളം. അവശതയോടെ എത്തുന്ന രോഗികൾക്ക് ഇതു ദുരിതം തന്നെയാണ്. വിശ്രമ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ടെലിവിഷനും പ്രവർത്തിക്കുന്നില്ല. തീരപ്രദേശത്തെ സാധാരണക്കാരായ രോഗികളുടെ ആശ്രയമാണ് ഈ ആശുപത്രി. ടോക്കണ്‍ ഡിസ്പ്ലേ സംവിധാനം ഏർപ്പെടുത്തിയാൽ പ്രശ്നത്തിന് നല്ലൊരളവിൽ പരിഹാരമാകും.