നായയായി വേഷം കെട്ടാൻ കൊതിക്കുന്ന മനുഷ്യരെ കുറിച്ച് പല വാർത്തകളും മുൻപും വൈറലായിട്ടുണ്ട്. നായയപ്പോലെ വേഷം കെട്ടാൻ ഏകദേശം 12 ലക്ഷത്തോളം മുടക്കിയ യുവാവ് ആണ് ജപ്പാൻകാരനായ ടോക്കോ. നായയെ പോലെ ആകാനുള്ള കോസ്റ്റ്യൂമിനാണ് 12 ലക്ഷം രൂപ യുവാവ് മുടക്കിയത്.
ഇപ്പോഴിതാ തന്നെപോലെ നായയുടെ വേഷം കെട്ടാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ അവർക്കായി ഒരു സുവർണാവസരം ഒരുക്കുകയാണ് ഇയാൾ. ഇതിനായി ഒരു സൂ വരെ ഒരുക്കിയിരിക്കുകയാണ് ടോക്കോ.
ടോക്കോ ടോക്കോ സൂ എന്നാണ് ഇതിന് യുവാവ് നൽകിയ പേര്. ‘ഒരു മൃഗമായി മാറണം എന്ന് നിങ്ങൾ എപ്പോഴെങ്കിലും ആഗ്രഹിച്ചിരുന്നോ? മനുഷ്യനല്ലാതെ അതിനപ്പുറമുള്ള മറ്റെന്തെങ്കിലും ആയി മാറണം എന്ന് ആഗ്രഹിക്കുകയും അത് നിങ്ങളെ ആവേശം കൊള്ളിക്കുകയും ചെയ്തിട്ടുണ്ടോ? ആ സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം’ എന്നാണ് ടോക്കോ തന്റെ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നത്.
കോസ്റ്റ്യൂം ലഭിക്കാൻ 30 ദിവസം മുൻപ് ബുക്ക് ചെയ്യണം. ഹസ്കിയെ പോലെ തോന്നിക്കുന്ന കോസ്റ്റ്യൂം ആണ് നിലവിൽ ടോക്കോ ആവശ്യക്കാർക്കായി തയാറാക്കുന്നത്. 180 മിനിട്ട് കൊണ്ട് തയാറാക്കുന്നതിന് 28000 രൂപയും 120 മിനിറ്റ് കൊണ്ട് തയാറാക്കുന്നതിന് 25000 രൂപയുമാണ് ടോക്കോ ഈടാക്കുന്നത്. നിരവധി ആളുകളാണ് തന്നെ ഇതിനായി സമീപിക്കുന്നതെന്നും യുവാവ് പറഞ്ഞു.