ചില അന്ധവിശ്വാസങ്ങളാണ് പല ജീവിവര്‍ഗങ്ങളെയും വംശനാശത്തിലേക്ക് നയിക്കുന്നത്. ഇത്തരത്തില്‍ വംശനാശഭീഷണി നേരിടുന്ന ടെക്കേ ഗെക്കോ എന്ന പല്ലി വര്‍ഗത്തില്‍പ്പെട്ട ജീവിയെ വില്ക്കാന് ശ്രമിച്ചവരാണ് ഇപ്പോള്‍ കുടുങ്ങിയത്. രണ്ടു പേരാണ് പാറ്റ്നയിലെ ഒരു ഹോട്ടലില്‍ വച്ച് പിടിയിലായത്.
25 ലക്ഷത്തിനു കച്ചവടമുറപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് പാറ്റ്ന ഡിഎഫ്ഒ രുചി സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.
ബിഹാറിലെ കാതിഹാര്‍ സ്വദേശികളാണ് പിടിയിലായ വന്യജീവി കടത്തുകാര്‍. പശ്ചിമ ബംഗാളില്‍ നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വനാന്തരങ്ങളില്‍ നിന്നുമാണ് ഇവയെ വ്യാപകമായി പിടികൂടുന്നത്.
എയ്ഡ്സ് രോഗം പൂര്‍ണമായും സുഖപ്പെടുത്തും എന്ന പേരില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങളുടെ ഇരയാണ് ടൊക്കേ ഗെക്കോ. പല്ലി വിഭാഗത്തില്‍പ്പെട്ട ഈ ജീവി ഇന്ത്യയില്‍ മണിപ്പുരിലും അസമിലും കാണപ്പെടുന്നുണ്ട്. ഫിലിപ്പീന്‍സ്, തായ്ലന്ഡ്, വിയറ്റ്നാം എന്നിവിടങ്ങളും സുലഭം.
എന്നാല്‍ ആവശ്യക്കാരിലേറെയും ചൈനയില്‍ നിന്നാണ്. അവിടത്തെ പരമ്പരാഗത ഔഷധങ്ങളിലെ പ്രധാന ‘കൂട്ട്’ ആണ് ഉണക്കിപ്പൊടിച്ച ടോക്കേ ഗെക്കോ. ചൈനീസ് വ്യാജ ഔഷധങ്ങളില്‍ വിശ്വസിക്കുന്ന പാശ്ചാത്യരും ടോക്കേയുടെ ആവശ്യക്കാരാണ്.
ഇവയ്ക്കു വേണ്ടി എത്ര പണവും മുടക്കാന്‍ ആളുകളെത്തിയതോടെയാണ് ഐയുസിഎന്‍ തങ്ങളുടെ റെഡ് ലിസ്റ്റിലേക്ക് ടോക്കേ ഗെക്കോകളെയും ചേര്‍ത്തത്. നിലവില്‍ വംശനാശത്തിനു സാധ്യതയുള്ള ജീവികളുടെ പട്ടികയിലാണിത്.
എന്നാല്‍ ന്ിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ അധികം വൈകാതെ ഇവ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകുമെന്നാണ് വിലയിരുത്തല്‍.
‘ഗെ ജീ’ എന്നറിയപ്പെടുന്ന ചൈനീസ് മരുന്നിലെ നിര്‍ണായക ഘടകമാണ് ടോക്കേ. വൃക്കകള്‍, ശ്വാസകോശം എന്നിവയുടെ ആരോഗ്യത്തിന് ടോക്കേ ഉപയോഗിച്ചുള്ള മരുന്ന് നല്ലതാണെന്നാണു വിശ്വാസം. എന്നാല്‍ ഇത് ഇന്നേവരെ ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിച്ചിട്ടില്ല.
2009ലാണ് ഇവ എയ്ഡ്സിനുള്ള മരുന്നാണെന്ന തരത്തില്‍ പ്രചാരണം വരുന്നത്. അതോടെ ഈ ജീവിയെ തേടി ആളുകള്‍ പരക്കം പായാന്‍ തുടങ്ങി. കരിഞ്ചന്തയില്‍ ഡിമാന്‍ഡ് ഏറിയതോടെ ഇവയുടെ വേട്ടയാടല്‍ വന്‍തോതില്‍ വര്‍ധിച്ചു. ഇതേത്തുടര്‍ന്ന് ഫിലിപ്പീന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇവയെ പിടികൂടുന്നത് കുറ്റകരമാക്കി.
പരിസ്ഥിതി പ്രവര്‍ത്തകരുടെയും ലോകാരോഗ്യ സംഘടനയുടെയും സന്ദര്‍ഭോചിത ഇടപെടല്‍ കാരണം ‘എയ്ഡ്സ്’ പ്രചാരണം അധികം വൈകാതെ പത്തി താഴ്ത്തുകയും ചെയ്തു.
എന്നാല്‍ നൂറിലേറെ വര്‍ഷമായി കിഴക്കനേഷ്യയില്‍ ഇവയുടെ ഔഷധ ഗുണം സംബന്ധിച്ച അന്ധവിശ്വാസം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ത്തന്നെ കരിഞ്ചന്തയില്‍ ആവശ്യക്കാരൊട്ടും കുറഞ്ഞിട്ടുമില്ല.
ദേഹത്തു മുഴുവന്‍ പലതരം പുള്ളിക്കുത്തുകളുണ്ട് ഗേക്കോയ്ക്ക്. ഇതിനനുസരിച്ചാണ് അവയെ തരംതിരിച്ചിരിക്കുന്നത്. നിലവില്‍ തായ്ലന്ഡ് ആണ് ടോക്കേകളുടെ പ്രധാന കച്ചവട കേന്ദ്രം. ഏറ്റവുമധികം ആവശ്യക്കാരാകട്ടെ സിംഗപ്പൂര്‍, ചൈന, ഹോങ്കോങ്, തായ്വാന്, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നും.
ചില യൂറോപ്യന്‍-വടക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ ഗവേഷണ സ്ഥാപനങ്ങളും ഇവയെ വിലകൊടുത്തു വാങ്ങുന്നുണ്ടെന്നാണ് മേഖലയിലെ നിരീക്ഷകര്‍ പറയുന്നത്.
400 ഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ടോക്കേകള്‍ക്ക് ആറരക്കോടി രൂപ വരെ വില പറയാന്‍ ആളുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
300-400 ഗ്രാം ഭാരമാണ് സാധാരണ ഇവയ്ക്കുള്ളത്. എന്നാല്‍ വിലയുടെ കാര്യത്തില്‍ ഇന്നും പലരും കള്ളക്കടത്തുകാരുടെ കണക്കുകള്‍ വിശ്വസിക്കുന്നില്ല. കൂടുതല്‍ പേരെ ഈ ‘വേട്ട’യിലേക്ക് ആകര്‍ഷിക്കാനുള്ള തന്ത്രമായാണ് പ്രകൃതി സംരക്ഷകര്‍ ഇതിനെ കാണുന്നത്.
2004ല്‍ തായ്വാന് മാത്രം കയറ്റി അയച്ചത് ഒന്നരക്കോടി ടോക്കേകളെയാണ്. ഇന്തൊനീഷ്യയില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് കയറ്റിഅയച്ച, ഉണക്കിയ 12 ലക്ഷം ടോക്കേകളെ 2011ല്‍ പിടിച്ചെടുത്തിരുന്നു. ഇന്നും ലോകത്തിന്റെ പല ഭാഗത്തും ഈ കടത്ത് തുടരുന്നു. പ്രകൃതിസ്നേഹികളെയാകെ ആശങ്കപ്പെടുത്തുന്നതാണ് നിലവിലെ കണക്കുകള്‍.