ആഥൻസ്: 2020 ടോക്കിയോ ഒളിന്പിക്സിനുള്ള ദീപം തെളിക്കൽ ചടങ്ങിൽ കാണികൾക്ക് വിലക്ക്. കൊറോണ വൈറസ് ഭീഷണിയെത്തുടർന്നാണിത്. ഗ്രീസിലെ ഒളിന്പിയയിൽ നടക്കുന്ന ദീപം തെളിക്കൽ ചടങ്ങിൽ ക്ഷണിക്കപ്പെട്ട പ്രത്യേക അതിഥികളായ 100 പേരെ മാത്രമേ പങ്കെടുപ്പിക്കൂ എന്ന് ഗ്രീക്ക് ഒളിന്പിക് കമ്മിറ്റി ഇന്നലെ അറിയിച്ചു.
1984ലെ ലോക് ആഞ്ചലസ് ഒളിന്പിക്സ് ദീപംതെളിക്കലിനുശേഷം ഇതാദ്യമായാണ് കാണികളെ ഒഴിവാക്കി ചടങ്ങ് സംഘടിപ്പിക്കുന്നത്.
ഒളിന്പിക് ദീപശിഖ തെളിക്കലിന്റെ ഡ്രസ് റിഹേഴ്സലിനും മാധ്യമങ്ങളെയും കാണികളെയും ഉൾപ്പെടുത്തില്ല. നാളെയാണ് ഡ്രസ് റിഹേഴ്സൽ. 12ന് ഒളിന്പിയയിൽ ഒളിന്പിക്സ് ദീപം തെളിക്കും. ഏഴ് ദിവസത്തെ ദീപശിഖ പ്രയാണത്തിനുശേഷം 19ന് ടോക്കിയോ ഒളിന്പിക്സ് അധികൃതർക്ക് ദീപശിഖ കൈമാറും.
ദീപശിഖാ പ്രയാണത്തിൽ കുട്ടികളെ പങ്കെടുപ്പിക്കില്ലെന്ന് ടോക്കിയോ ഒളിന്പിക്സ് തലവൻ യോഷിരോ മോരി കഴിഞ്ഞ ആഴ്ച അറിയിച്ചു. ഒളിന്പിക്സിനു വേദിയാകുന്ന ജപ്പാനിൽനിന്നുള്ള 340 കുട്ടികൾ ദീപശിഖ കൈമാറ്റച്ചടങ്ങുകളിൽ പങ്കെടുക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ട്. 20നാണ് ദീപശിഖ ജപ്പാനിൽ എത്തുക.