ടോക്കിയോ: കാഹളമുയരട്ടെ, വിജയഭേരി മുഴങ്ങട്ടെ… കോവിഡ് തീർത്ത കണ്ണീർ ചങ്ങലകൾ ഭേദിച്ച് ലോകം ഒന്നായി ആർത്തുല്ലസിക്കട്ടെ…
അതെ ഇന്നു മുതൽ അടുത്ത മാസം എട്ട് വരെ ടോക്കിയോയുടെ മണ്ണിൽ സന്താപത്തിനു സ്ഥാനമില്ല, മരണത്തിന്റെ കെണിപൊട്ടിച്ച് പറന്നുയരുന്ന മനുഷ്യരാശിയുടെ ഒത്തുകൂടലായി ടോക്കിയോ 2020 ഒളിന്പിക്സ് ഇന്നു മിഴിതുറക്കും.
മെഡലുകൾക്കപ്പുറം ജീവന്റെ പോരാട്ടമായി ഈ ഒളിന്പിക്സിനെ വിശേഷിപ്പിക്കാം. കോവിഡ് ഭീഷണിയെത്തുടർന്ന് കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിന്പിക്സിനാണ് ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്നു തിരിതെളിയുന്നത്.
2016 റിയൊ ഒളിന്പിക്സിന്റെ സമാപനത്തിൽ ടോക്കിയോയിൽ കാണാം എന്ന ആശംസയുമായി മടങ്ങിയ ഭൂഗോളത്തിലെ കായിക പ്രതിനിധികൾ ഇന്നു മുതൽ കളിക്കളങ്ങളിൽ രക്തം വിയർപ്പാക്കി പോരാടും.
ഭൂഗോളത്തിലെ ഏറ്റവും വലിയ കായികമാമാങ്കം ചരിത്രത്തിൽ ആദ്യമായി കാണികളില്ലാതെ നടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ, ലോകത്തിന്റെ വിവിധ കോണുകളിൽ ടെലിവിഷനു മുന്നിലിരുന്ന് കോടാനുകോടി ആളുകൾ ഇന്നു മുതൽ ടോക്കിയോയിലേക്ക് ഉറ്റുനോക്കും…
എല്ലാം അതീവരഹസ്യം
ഒളിന്പിക്സിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറുന്ന കലാപ്രകടനങ്ങളെക്കുറിച്ചോ കലാകാരന്മാരെക്കുറിച്ചോ ഇതുവരെ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. ടോക്കിയോയിലെ നാഷണൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. കഴിഞ്ഞ വർഷമാണു സ്റ്റേഡിയം തുറന്നത്. അത്ലറ്റിക്സും ഫുട്ബോളിലെ ചില മത്സരങ്ങളും ഇവിടെയാണ് അരങ്ങേറുക.
ഇന്ത്യൻ പ്രതിനിധികൾ
മാർച്ച് പാസ്റ്റിൽ ഇന്ത്യയുടെ പതാകയേന്തുന്നത് ലണ്ടൻ ഒളിന്പിക്സ് വെങ്കല മെഡൽ ജേതാവായ വനിതാ ബോക്സിംഗ് സൂപ്പർ താരം മേരി കോമും പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗുമാണ്.
കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ 50ൽ താഴെ പ്രതിനിധികൾ മാത്രമായിരിക്കും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയെന്ന് ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒസി) അറിയിച്ചിരുന്നു. അതേസമയം, ഉദ്ഘാടനച്ചചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ സംഘത്തിൽനിന്നു സമ്മതം മൂളിയത് 28 അത്ലറ്റുകൾ മാത്രമാണെന്നാണു റിപ്പോർട്ട്.
ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ താത്പര്യമുള്ള അത്ലറ്റുകളോട് സമ്മതപത്രം നൽകാൻ ഐഒസി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ സംഘത്തിൽ നിന്ന് ആറ് ഒഫീഷൽസും ചടങ്ങിൽ പങ്കെടുക്കും.
ഇന്ത്യയിൽനിന്ന് ഒന്പത് മലയാളികൾ ഉൾപ്പെടെ 18 ഇനങ്ങളിലായി 127 അത്ലറ്റുകൾ ഒളിന്പിക്സിൽ പങ്കെടുക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ ഒന്പതു മലയാളികളുണ്ട്. ഇന്ന് നടക്കുന്ന ഷൂട്ടിംഗ്, അന്പെയ്ത്ത് മത്സരങ്ങൾക്കുള്ള താരങ്ങൾ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിക്കേണ്ടെന്ന് ഐഒസി അറിയിച്ചതായാണു സൂചന.
പ്രവേശനം 950 പേർക്കു മാത്രം…
ഇന്ന് നടക്കുന്ന ടോക്കിയോ 2020 ഒളിന്പിക്സിന്റെ ഉദ്ഘാടന മാമാങ്കത്തിനു നേരിട്ട് സാക്ഷ്യംവഹിക്കാൻ സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത് 950 പേർക്ക് മാത്രം. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാലാണു സ്റ്റേഡിയത്തിലേക്കു കൂടുതൽ ആളുകൾക്ക് പ്രവേശനം നൽകാത്തത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വൻതോതിലുള്ള മുൻകരുതലാണു ജപ്പാൻ സ്വീകരിച്ചിരിക്കുന്നത്. കാണികൾക്കു വിലക്കുള്ള സ്റ്റേഡിയത്തിൽ താരങ്ങളും ഉദ്യോഗസ്ഥരും പത്രപ്രവർത്തകരും ഉൾപ്പെടെയാണ് 950 പേർക്ക് പ്രവേശനമുള്ളത്. 11,000ത്തിൽ അധികം കായികതാരങ്ങൾ 33 കായിക ഇനങ്ങളിലായുള്ള 339 മത്സരങ്ങളിൽ മാറ്റുരയ്ക്കും.
ഒളിന്പിക്സിൽ പങ്കെടുക്കാനായി യുഎസ് പ്രഥമ വനിത ജിൽ ബൈഡൻ ഇന്നലെ ടോക്കിയോയിൽ എത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന. അതിനിടെ ഗെയിംസ് വില്ലേജിൽ ഇന്നലെ 11 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.