പാലിയേക്കര : ടോൾ പ്ലാസയിൽ പിഎസ്സി ബോർഡ് അംഗങ്ങളെ ഒന്നര മണിക്കൂറോളം തടഞ്ഞു വച്ചു. എറണാകുളത്തുനിന്നും തൃശൂരിലേക്ക് ഉദ്യോഗാർഥികളെ ഇന്റർവ്യൂ ചെയ്യാൻ പോയിരുന്ന അംഗങ്ങളെയാണ് തടഞ്ഞു വച്ചത്. ഇന്നു രാവിലെ എട്ട് മണിയോടെ ടോൾ പ്ലാസയിൽ എത്തിയ അംഗങ്ങളോട് അപമര്യാദയായി പെരുമാറുകയും വാഹനത്തിന്റെ ആർസി ബുക്ക് കാണിക്കാതെ കടത്തി വിടുകയില്ലെന്നും പറയുകയായിരുന്നുവെന്ന് പിഎസ്സി അധികൃതർ പറഞ്ഞു.
ഒന്പത് മണിയോടെ ടോൾ പ്ലാസയിലെ തടസം നീക്കി കടന്നുപോകാൻ അവസരം ഒരുക്കിയെങ്കിലും തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ച് അംഗങ്ങൾ ടോൾ പ്ലാസയിൽ നിർത്തിയിട്ട് പ്രതിഷേധിച്ചു. തുടർന്ന് പുതുക്കാട് പോലീസ് സ്ഥലത്തെത്തി. എസ്ഐ യുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയതിനുശേഷം കടന്നു പോവുകയായിരുന്നു.
തൃശൂരിൽ ഒന്പതു മണിയോടെ ഇന്റർവ്യൂ ബോർഡിൽ പങ്കെടുക്കേണ്ട പിഎസ്സി അംഗങ്ങളെയാണ് തടഞ്ഞു വച്ചത്. പിഎസ്സി അംഗങ്ങളായ ഡോ. കെ.പി. സജീലാൽ, സിമ്മി റോസ്ബെല്ല ജോണ് എന്നിവരെയാണ് തടഞ്ഞുവെച്ചത്. ടോൾ പ്ലാസ അധികൃതർക്കെതിരെ പരാതി കൊടുക്കുമെന്ന് ഇവർ അറിയിച്ചു.