ഒറ്റപ്പാലം: മായന്നൂർ, ഷൊർണൂർ ടോൾ ബൂത്തുകൾ അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനം യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകും. ഷൊർണൂർ-ചെറുതുരുത്തി തീരങ്ങളെ ബന്ധിപ്പിച്ച് ഭാരതപുഴയ്ക്കു കുറുകേ നിർമിച്ച പാലത്തിൽ ടോൾബൂത്ത് പ്രവർത്തനം തുടങ്ങി പതിറ്റാണ്ടുകളായി. പാലംനിർമാണത്തിന് ചെലവായ തുകയുടെ ഇരട്ടിയും അതിലേറെയും തുക ഇതിനകം സമാഹരിക്കാൻ അധികൃതർക്കു കഴിഞ്ഞു.
എന്നാൽ സ്വകാര്യവ്യക്തിക്ക് കൈമാറിയിട്ടുള്ള ടോൾ ബൂത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ഇതുവരെ തയാറായിരുന്നില്ല. നിശ്ചയിച്ച കാലഘട്ടം കഴിഞ്ഞിട്ടും ടോൾബൂത്തിൽ പിരിവ് നടത്തുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ഇതിനിടയിലാണ് ബൂത്തിലെ പിരിവ് അവസാനിപ്പിക്കാൻ സർക്കാർ തീരുമാനം എടുത്തത്. ഒറ്റപ്പാലം, മായന്നൂർ പാലത്തിൽ മായന്നൂർ ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ടോൾ ബൂത്തിന്റെയും പ്രവർത്തനം അവസാനിപ്പിക്കുകയാണ്. ഈ ടോൾ ബൂത്തിനെതിരേയും പ്രതിഷേധം ഉയർന്നുവന്നിരുന്നു.