കൊല്ലം: രാജ്യത്തെ ദേശീയ പാതകളിൽ ഉൾപ്പെടെ വാഹന യാത്രികർക്ക് ആജീവനാന്ത പാസ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. ഇതുകൂടാതെ വാർഷിക പാസും ഉണ്ടാകും.
നാഷണൽ ഹൈവേ അഥോറിറ്റി ഒഫ് ഇന്ത്യ ഇത്തരം പാസുകൾ ഏർപ്പെടുത്താനുള്ള നിർദേശം അംഗീകരിച്ചു. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണ്. പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. മാർച്ച് ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് സൂചനകൾ.
ടോൾ പ്ലാസകളിൽ നിലവിൽ സംഭവിക്കുന്ന അനിയന്ത്രിതമായ തിരക്ക് കുറയ്ക്കുന്നതിനും യാത്രകൾ കൂടുതൽ ചെലവ് കുറയ്ക്കുന്നതിനും ഇത് ഉപകരിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. റോഡ് മാർഗം പതിവായി സഞ്ചരിക്കുന്നവർക്ക് ഈ പദ്ധതി ഏറെ പ്രയോജനം ചെയ്യും. സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഈ പദ്ധതി വലിയ ആശ്വാസമായിരിക്കും.
വാർഷിക പാസിന് 3,000 രൂപയായിരിക്കും ഈടാക്കുക. ഇത് പ്രകാരം രാജ്യത്തെ എല്ലാ ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലും പരിധിയില്ലാതെ ഒരു വർഷം യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കും എന്നതാണ് ഏറ്റവും വലിയ സവിശേഷത.
ആജീവനാന്ത (ലൈഫ് ടൈം)പാസിന് നിലവിൽ നിശ്ചയിച്ചിരിക്കുന്നത് 30,000 രൂപയാണ്. ഇത് ഒറ്റ തവണയായി തന്നെ അടയ്ക്കണം എന്നതാണ് വ്യവസ്ഥ. ലൈഫ് ടൈം പാസിന്റെ കാലാവധി.
മാത്രമല്ല നിലവിലുള്ള ഫാസ്റ്റ് ടാഗ് സംവിധാനവുമായി ലൈഫ് ടൈം പാസുകൾ കോർത്തിണക്കുകയും ചെയ്യും.ഇപ്പോൾ ടോൾ പ്ലാസകളിൽ നിലവിലുള്ളത് ഒരു മാസത്തേയ്ക്ക് മാത്രമുള്ള പാസുകളാണ്. പ്രാദേശിക വാണിജ്യേതര വാഹനങ്ങൾക്ക് ഒരു മാസത്തെ പാസിന് 340 രൂപയാണ് കൊടുക്കേണ്ടത്.
ഇത്തരത്തിൽ ഒരു വാഹന യാത്രികൻ പ്രതിവർഷം ചെലവഴിക്കേണ്ടി വരുന്നത് 4,080 രൂപയാണ്. പ്രതിവർഷം 3,000 രൂപയുടെ പാസുകൾ ലഭ്യമാകുമ്പോൾ യാത്രക്കാരന് 1,080 രൂപ ലാഭിക്കാൻ സാധിക്കും.നിലവിലെ പ്രതിമാസ പാസുകൾ ഒരു ടോൾ പ്ലാസയിൽ മാത്രമായി നിജപ്പെടുത്തിയിരിക്കയായിരുന്നു.എന്നാൽ വാർഷിക- ആജീവനാന്ത പാസുകൾ ഉപയോഗിച്ച് രാജ്യത്തെ എല്ലാ റോഡുകളിലൂടെയും ഒരു ദിവസം എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം.
- എസ്.ആർ. സുധീർ കുമാർ