വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാത നിർമാണത്തിൽ നൂറുശതമാനവും പൂർത്തിയായിട്ടുള്ളത് വാഹനപിരിവിനുള്ള പന്നിയങ്കരയിലെ ടോൾ പ്ലാസ മാത്രം. ഇവിടെ പതിനഞ്ചു കൗണ്ടറുകളാണ് ടോൾ പിരിക്കാൻ സജ്ജമാക്കിയിട്ടുള്ളത്. കൂടാതെ വലിയ കണ്ടെയ്നറുകൾ, ടാങ്കറുകൾ എന്നിവയ്ക്ക് കടന്നുപോകാനായി വശങ്ങളിൽ രണ്ടുവീതം വഴികളുമുണ്ട്.
ഇരുചക്രവാഹനങ്ങൾക്കു പോകാനും ഇതു തുറന്നിടും. ടാങ്കറുകൾക്കു കടന്നുപോകാനുള്ള വഴി കുറഞ്ഞവീതിയിൽ നിർമിച്ചിട്ടുള്ളതിനാൽ കഴിഞ്ഞദിവസം മുംബൈയിൽനിന്നും കൊച്ചിൻ റിഫൈനറിയിലേക്ക് കൊണ്ടുവന്ന രണ്ടു ടാങ്കറുകൾ ടോൾ പ്ലാസയിൽ കുടുങ്ങി ഏതാനും ദിവസം പന്നിയങ്കരയിൽ നിർത്തിയിടേണ്ടിവന്നു. നിർമാണ അപാകത റോഡിൽ മാത്രമല്ല പിരിവ് കൗണ്ടറിൽ വരെയുണ്ടായിട്ടുണ്ടെന്ന് ചുരുക്കം.
എങ്കിലും നിർമാണം നൂറുശതമാനം പൂർത്തിയായെന്ന് കരാർ കന്പനി പറയുന്നത് ഈ ടോൾ പ്ലാസ മാത്രമാണ്. മറ്റുവർക്കുകളെല്ലാം 70 ശതമാനം, 80 ശതമാനം, 90 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ പറയുന്നത്. കുതിരാനിലെ ഇടതുഭാഗത്തെ ആദ്യതുരങ്കപ്പാത 95 ശതമാനം പൂർത്തിയായെന്ന് അവകാശപ്പെടുന്നുണ്ട്. എന്നാൽ തുരങ്കപ്പാതയുടെ ഇരുഭാഗത്തെയും അപ്രോച്ച് റോഡുകളുടെ പണി എണ്പതുശതമാനമേ ആയിട്ടുള്ളൂ.
പതിമൂന്നുവർഷംമുന്പ് ആരംഭിച്ച പാതവികസനത്തിന് വനംവകുപ്പിന്റെ എൻഒസി വേണമെന്ന് ഇപ്പോഴാണ് കരാർ കന്പനിക്ക് തിരിച്ചറിവുണ്ടാകുന്നത്. മറ്റു വിവിധ വകുപ്പുകളുടെ അനാസ്ഥയും ഇവിടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. തുരങ്കപ്പാതയുടെ ഇരുഭാഗത്തെയും അപ്രോച്ച് റോഡ് വീതികൂട്ടാൻ മുപ്പതടിയോളം ഉയരമുള്ള വനപ്രദേശം ഏറ്റെടുത്ത് ടാർ റോഡിന്റെ ലെവലാക്കണം. ഒരു തുരങ്കപാതയെങ്കിലും തുറന്നു ടോൾപിരിവ് ആരംഭിക്കാനുള്ള നീക്കമായിരുന്നു കരാർ കന്പനിയുടേത്.
ഇതിനായി ബന്ധപ്പെട്ട വകുപ്പുകളിൽനിന്നെല്ലാം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സന്പാദിച്ചെങ്കിലും മഴ ആരംഭിച്ചതോടെ തുരങ്കപാതയുടെ ഇരുഭാഗത്തെ അപ്രോച്ച് റോഡിലേക്കും മണ്ണിടിച്ചിലും കല്ലുവീഴലും അപകടഭീഷണിയായി മാറി.കൂടാതെ ടാർ ചെയ്ത് വെള്ളവരയിട്ട ആറുവരിപ്പാതയും പലഭാഗത്തും അടർന്നു. കൊന്പഴ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ റോഡിൽ വലിയ കുഴികളും രൂപപ്പെട്ടു.
ഇതോടെ ടോൾപിരിവ് മാറ്റിവയ്ക്കേണ്ടിവന്നു. വാണിയന്പാറ, വഴുക്കുംപാറ, പട്ടിക്കാട് ഭാഗങ്ങളിൽ റോഡുപണിയും അടിപ്പാത നിർമാണവും ഇനിയും തുടങ്ങിയിട്ടില്ല. സർവീസ് റോഡ് നിർമാണവും പലയിടത്തും ബാക്കിയാണ്.