തൃശൂർ: പാലിയേക്കര ടോൾപ്ലാസയിലൂടെ പോകാത്ത വാഹനത്തിലെ ഫാസ്ടാഗിൽനിന്നു പണം നഷ്ടമായി. 335 രൂപയാണ് ചാവക്കാട് പൂവത്തൂർ മങ്കാശേരി ആരിഫിന്റെ അക്കൗണ്ടിൽ നിന്നും ബുധനാഴ്ച നഷ്ടമായത്. ഈ മാസം 11,12 തീയതികളിൽ ആരിഫ് ഫാസ്ടാഗ് ഉപയോഗപ്പെടുത്തി യാത്രചെയ്തിരുന്നു. തൃശൂരിൽനിന്നും കോട്ടയത്തേക്ക് 11നും തിരിച്ചു കോട്ടയത്തുനിന്നു തൃശൂരിലേക്കു 12നുമായിരുന്നു യാത്ര.
75 രൂപ വീതം രണ്ടുയാത്രകൾക്കുമായി 150 രൂപ വാങ്ങുകയും ചെയ്തു. പിന്നീട് പാലിയേക്കര വഴിക്കുപോലും പോകാത്ത ആരിഫിന്റെ അക്കൗണ്ടിൽനിന്നും 15നാണ് തുക പോയിരിക്കുന്നത്. കാറിന് 75 രൂപയും ബസിനു 100 രൂപയുമാണെന്നിരിക്കെ 335 രൂപയുടെ കണക്ക് എന്താണെന്ന് ഇപ്പോഴും മനസിലായിട്ടില്ല. വെബ്സൈറ്റിൽ പരാതി അയച്ചുവെങ്കിലും ഇതുവരെ മറുപടിയൊന്നും നൽകിയിട്ടുമില്ല.
പരാതി പറയാൻ പാലിയേക്കര ടോൾപ്ലാസയിൽ വിളിച്ചിട്ടും ആരും എടുക്കുന്നില്ല. ഇത്തരം സാഹചര്യത്തിൽ ബന്ധപ്പെടുന്നതിനു ടോൾഫ്രീ നന്പർപോലും നല്കിയിട്ടുമില്ല. രാജ്യത്താകമാനം ഇത്തരം കുരുക്കുകൾ മുറുക്കി ജനങ്ങളെ പിഴയുന്ന സാഹചര്യമാണ് ഒരുക്കുന്നതെന്ന് ആരിഫ് വ്യക്തമാക്കി.