ദേശീയ പൊതുഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ്; പാലിയേക്കര ടോൾപ്ലാസയിൽ ടോൾ പിരിവ് വീണ്ടും തുടങ്ങി
പുതുക്കാട്: പാലിയേക്കര ടോൾപ്ലാസയിൽ ടോൾ പിരിവ് വീണ്ടും തുടങ്ങി. തിങ്കളാഴ്ച പ്രതിഷേധം കാരണം നിർത്തിവച്ച ടോൾ പിരിവാണ് പുനഃരാരംഭിച്ചത്. ടോള്‍ പിരിവ് കോവിഡ് 19 രോഗവ്യാപനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസായിരുന്നു പ്രതിഷേധം ഉയർത്തിയത്.
ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ടോള്‍പിരിവ് ഇന്നലെ മുതൽ ആരംഭിച്ചിരുന്നു. ദേശീയ പൊതുഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പിരിവ് വീണ്ടും തുടങ്ങിയത്.
ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.
നേരത്തേ കോവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കിയിട്ടും തുടർന്ന ടോൾപിരിവ് മാർച്ച് 24 നാണ് കളക്ടർ ഇടപെട്ട് നിർത്തിവച്ചത്.
ദിവസേന ലക്ഷങ്ങൾ വിനിമയം നടത്തുന്ന ടോൾപിരിവ് വൈറസ് വ്യാപനത്തിനിടയാക്കുമെന്ന പരാതി വ്യാപകമായതിനെ തുടർന്നായിരുന്നു തീരുമാനം.
രാജ്യത്ത് ലോക്ക് ഡൗണ്‍ മേയ് മൂന്നുവരെയാണു പ്രഖ്യാപിച്ചിരിക്കുന്നത്.