സ്വന്തം ലേഖകൻ
പുതുക്കാട്: പാലിയേക്കര ടോൾപ്ലാസയിൽ യാത്രക്കാർ ആഗ്രഹിച്ചത് തൃശൂർ ജില്ലാ കളക്ടർ ചെയ്തു. പാലിയേക്കര ടോൾപ്ലാസയിലെ വാഹനക്കുരുക്കിൽ അകപ്പെട്ട ജില്ലാ കളക്ടർ ടി.വി. അനുപമ ടോൾബൂത്ത് തുറന്ന് വാഹനങ്ങൾ കടത്തിവിട്ട നടപടി പരക്കെ പ്രശംസിക്കപ്പെട്ടിരിക്കുകയാണ്. ടോൾപ്ലാസ ജീവനക്കാരേയും പോലീസിനേയും രൂക്ഷമായി ശാസിച്ച കളക്ടർ ടോൾബൂത്ത് തുറന്നുകൊടുക്കാൻ നിർദേശിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി 11.30നായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് ജില്ലാ കളക്ടർമാരുടെ യോഗം കഴിഞ്ഞുവരികയായിരുന്നു കളക്ടർ. ഈ സമയം ടോൾപ്ലാസയ്ക്ക് ഇരുവശത്തും ഒന്നര കിലോമീറ്ററോളം വാഹനങ്ങളുടെ നിരയുണ്ടായിരുന്നു.
ദേശീയപാതയിലെ വാഹനത്തിരക്കിൽ അകപ്പെട്ട കളക്ടർ 15 മിനിറ്റ് കാത്തുനിന്നശേഷമാണ് ടോൾബൂത്തിനു മുന്നിലെത്തിയത്. ടോൾപ്ലാസ സെൻററിനുള്ളിൽ കാർ നിർത്തിയ കളക്ടർ ജീവനക്കാരെ വിളിച്ചുവരുത്തി. ഇത്രയും വലിയ വാഹനത്തിരക്കുണ്ടായിട്ടും യാത്രക്കാരെ കാത്തുനിർത്തി വലയ്ക്കുന്നതിന്റെ കാരണമാരാഞ്ഞു.
തുടർന്ന് ടോൾപ്ലാസയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് ടോൾബൂത്ത് തുറന്നുകൊടുക്കാൻ നിർദേശിക്കുകയും ചെയ്തു. ദീർഘദൂരയാത്രക്കാർ ഏറെനേരം കാത്തുനിൽക്കുന്പോഴും പോലീസ് പ്രശ്നത്തിൽ ഇടപെടുന്നില്ല എന്നതാണ് കളക്ടറെ ചൊടിപ്പിച്ചത്. അരമണിക്കൂറോളം ടോൾപ്ലാസയിൽനിന്ന കളക്ടർ ഗതാഗതക്കുരുക്ക് പൂർണമായും പരിഹരിച്ച ശേഷമാണ് തൃശൂരിലേക്കു പോയത്.
മുൻ കളക്ടർ കൗശികൻ ടോൾപ്ലാസക്കെതിരെ നടപടിയെടുത്തതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയത്. പി.സി.ജോർജ് എംഎൽഎ ടോൾപ്ലാസയിലെ ബാരിക്കേഡ് ഒടിച്ച സംഭവവും ഉണ്ടായിരുന്നു.അഞ്ചുവാഹനങ്ങളിൽ കൂടുതൽ ക്യൂവിൽ വന്നാൽ ടോൾപ്ലാസയിലെ ബാരിക്കേഡ് തുറന്നുകൊടുക്കണമെന്ന ചട്ടം ഇവിടെ പാലിക്കപ്പെടാറില്ല.