പുതുക്കാട്: പാലിയേക്കര ടോളിൽ തദ്ദേശീയരുടെ സൗജന്യ ഫാസ്ടാഗ് വിഷയത്തിൽ സർക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ച് പുതുക്കാട് മണ്ഡലത്തിൽ യുഡിഎഫ് നടത്തുന്ന ജനകീയ പണിമുടക്ക് തുടരുന്നു. രാവിലെ ആറു മുതലാണ് പണിമുടക്ക് ആരംഭിച്ചത്. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജർനില കുറഞ്ഞു.
പുതുക്കാട് കെ എസ്ആർടിസി ഡിപ്പോയിൽ നിന്ന് ഓർഡിനറി ബസുകൾ സർവീസ് നടത്തി.സ്വകാര്യ ബസുകൾ കൂടുതലായി സർവീസ് നടത്തുന്ന വരന്തരപ്പിള്ളി, കല്ലൂർ റൂട്ടിൽ കെഎസ്ആർടിസി ബസുകൾ അധിക സർവീസ് നടത്താത്തത് യാത്രക്കാരെ വലച്ചു. സ്വകാര്യ വാഹനങ്ങളും നിരത്തിൽ കുറവായിരുന്നു. ബാങ്കുകളിലും സർക്കാർ സ്ഥാപനങ്ങളിലുള്ള ഉദ്യോഗസ്ഥർ ഇരുചക്രവാഹനങ്ങളിലാണ് ജോലിക്കെത്തിയത്.
മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ദേശീയപാതയോരത്തെ കടകന്പോളങ്ങൾ അടഞ്ഞുകിടന്നു. മണ്ഡലത്തിലെ പ്രധാന വ്യാപാര മേഖലയായ പുതുക്കാടും വരന്തരപ്പിള്ളിയിലും കടകൾ തുറക്കാത്തത് ഹർത്താൽ പ്രതീതിയായി. മലയോര മേഖലയേയും പണിമുടക്ക് ബാധിച്ചു. തോട്ടം തൊഴിലാളികൾ ഉൾപ്പടെയുള്ളവർ ദുരിതത്തിലായി.