സ്വന്തം ലേഖകൻ
തൃശൂർ: ടോൾ പ്ലാസയിൽ ടോൾ ഫീസ് പിരിക്കാൻ താമസമുണ്ടായാൽ തുറന്നുവിടണമെന്ന നിയമമില്ലെന്നു ദേശീയപാത അഥോറിറ്റി. ടോൾ പ്ലാസയിൽ മൂന്നുമിനിറ്റിലേറെ താമസമുണ്ടായാൽ വാഹനങ്ങളിൽനിന്നു ടോൾ ഈടാക്കാതെ തുറന്നുവിടണമെന്നു കരാർ വ്യവസ്ഥയില്ല. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് 2010 ൽ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തിനു നൽകിയ വിവരാവകാശ രേഖയിലാണ് ഈ വിവരം. മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയുടെ പണിക്കു ചെലവായ തുകയുടെ മുക്കാൽ ഭാഗവും ടോൾ പിരിവിലൂടെ ആറുവർഷത്തിനകം കരാർ കന്പനി കൈക്കലാക്കിക്കഴിഞ്ഞു. ഇനിയും പത്തുവർഷം ടോൾ പിരിക്കാമെന്നാണ് കരാർ.
2012 ൽ പണി പൂർത്തിയാക്കിയ മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയുടെ എസ്റ്റിമേറ്റ് 910.28 കോടി രൂപയായിരുന്നു. കരാർ കന്പനിക്ക് 721.17 കോടി രൂപയാണു ചെലവായത്. 2018 ഏപ്രിൽ 30 വരെ 569.51 കോടി രൂപ ടോൾ പിരിച്ചുകഴിഞ്ഞു. 2028 ജൂണ്‍ 21 വരെ ടോൾപിരിവു തുടരും. 2012 ഫെബ്രുവരി ഒന്‍പതിന് പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിവു തുടങ്ങിയതാണ്.