
പുതുക്കാട്: പാലിയേക്കര ടോൾപ്ലാസയിൽ യൂത്ത്കോൺഗ്രസ് പ്രതിഷേധം. ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവച്ച ദേശീയപാതയിലെ ടോൾപിരിവ് പുനഃരാരംഭിച്ചതോടെയാണ് യൂത്ത്കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. പ്രതിഷേധത്തെ തുടർന്നു ടോൾ പിരിവ് നിർത്തിവച്ചിരിക്കുകയാണ്. ദേശീയ പൊതുഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിരിവ് വീണ്ടും തുടങ്ങിയത്.
നേരത്തേ കോവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കിയിട്ടും തുടർന്ന ടോൾപിരിവ് മാർച്ച് 24 നാണ് കളക്ടർ ഇടപെട്ട് നിർത്തിവച്ചത്. ദിവസേന ലക്ഷങ്ങൾ വിനിമയം നടത്തുന്ന ടോൾപിരിവ് വൈറസ് വ്യാപനത്തിനിടയാക്കുമെന്ന പരാതി വ്യാപകമായതിനെ തുടർന്നായിരുന്നു തീരുമാനം.
രാജ്യത്ത് ലോക്ക് ഡൗണ്‍ മേയ് മൂന്നുവരെയാണു പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുഗതാഗതവും വാണിജ്യമേഖലയും സ്തംഭിച്ച സമയത്ത് ടോൾപിരിവ് ആരംഭിക്കാനുള്ള തീരുമാനം സാധാരണ യാത്രക്കാർക്കു വലിയ തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്.