മുംബൈ: രാജ്യത്തെ ദേശീയപാതകളിലെ ടോൾപിരിവ് സാമ്പത്തികവർഷത്തിന്റെ ആദ്യ പത്തുമാസം പിന്നിടുമ്പോൾ 53,289.41 കോടി രൂപയിലെത്തി. മുൻവർഷം ആകെ ലഭിച്ച 48,028.22 കോടി രൂപയെ ഇതിനകം മറികടന്നുകഴിഞ്ഞു.
രാജ്യത്ത് ടോൾപിരിവുള്ള റോഡുകളുടെ ദൈർഘ്യവും ഫാസ്ടാഗുപയോഗിക്കുന്നവരുടെ എണ്ണവും കൂടിയത് ടോൾപിരിവിലെ വർധനയ്ക്ക് ആക്കംകൂട്ടി. ഈ സാമ്പത്തിക വർഷം മൊത്തം ടോൾപിരിവ് 62,000 കോടി രൂപ കടക്കുമെന്നാണ് സർക്കാർ പ്രതീക്ഷ.
2018-19 സാമ്പത്തികവർഷം 25,154.76 കോടി രൂപ മാത്രമായിരുന്നു ദേശീയപാതകളിലെ ടോൾപിരിവ്. 2018-19ൽ ടോൾപിരിവുള്ള റോഡുകളുടെ ദൈർഘ്യം 25,996 കിലോമീറ്റർ മാത്രമായിരുന്നു.
ഈ സാമ്പത്തിക വർഷം നവംബർ അവസാനംവരെയുള്ള കണക്കനുസരിച്ചിത് 45,428 കിലോമീറ്ററായി കൂടി. രാജ്യത്താകെ 962 ടോൾബൂത്തുകളാണ് നിലവിലുള്ളത്.