പുതുക്കാട്: പാലിയേക്കര ടോൾപ്ലാസയിൽ ഫാസ്ടാഗുള്ള എല്ലാ തദ്ദേശീയ വാഹനങ്ങളെയും സൗജന്യപരിധിയിൽ ഉൾപ്പെടുത്താൻ തീരുമാനം. ഇന്നു മുതൽ മണലിയിലും പാലിയേക്കരയിലുമുള്ള സൗജന്യകൗണ്ടറുകളിൽ രേഖകളുമായി എത്തിയാൽ തദ്ദേശിയർക്ക് യാത്രസൗജന്യം ലഭ്യമാകും.
തദ്ദേശീയരുടെ സ്വകാര്യ ചെറുവാഹനങ്ങൾക്കാണ് സൗജന്യം നൽകുന്നത്.നിലവിൽ സ്മാർട് കാർഡ് ഉള്ള വാഹനങ്ങൾക്ക് മാത്രമാണ് ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറാൻ കഴിയുന്നത്.
സന്പൂർണ ഫാസ്ടാഗ് സംവിധാനം നിലവിൽ വന്നതോടെ ഫാസ്ടാഗില്ലാത്ത തദ്ദേശീയർ ഇരട്ടി തുക നൽകി പോകേണ്ട സാഹചര്യത്തിലായിരുന്നു. ഇതോടെ ഗതാഗതക്കുരുക്കും പ്രതിഷേധവും ശക്തമായതോടെയാണ് ടോൾ കന്പനിയുടെ തീരുമാനം.
തദ്ദേശീയരുടെ വലിയ വാഹനങ്ങൾക്ക് ഫാസ്ടാഗ് അനുവദിക്കില്ല.നിലവിൽ 150 രൂപ നൽകിയാണ് തദ്ദേശീയർ ഒരുമാസം ടോൾപ്ലാസ മുറിച്ചുകടന്നിരുന്നത്. തദ്ദേശീയരുടെ ഫാസ്ടാഗിന്റെ തുക സർക്കാരാണ് ടോൾ കന്പനിക്ക് നൽകേണ്ടത്.
ഇത്തരത്തിൽ 120 കോടി രൂപ കന്പനിക്ക് സർക്കാർ നൽകാനുണ്ട്. ടോൾ കന്പനിയുമായി ഫാസ്ടാഗ് അക്കൗണ്ട് ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളാണ് ഇനി മുതൽ തദ്ദേശീയരുടെ ഫാസ്ടാഗ് തുക കന്പനിക്ക് നൽകുക.
ഒരുമാസം യാത്ര ചെയ്യുന്ന പ്രാദേശിക വാഹനങ്ങളുടെ ടോൾതുക ബാങ്കുകൾ കന്പനിയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാനാണ് ധാരണ. ഈ തുകയും ഇതിന്റെ പലിശയും സംസ്ഥാന സർക്കാരാണ് വഹിക്കേണ്ടത്.
സന്പൂർണ ഫാസ്ടാഗ് രാജ്യത്ത് നടപ്പിലാക്കാൻ തീരുമാനിച്ചത് മുതൽ പാലിയേക്കരയിൽ തദ്ദേശീയരുടെ പുതിയ വാഹനങ്ങൾക്ക് ടാഗ് പുതുക്കി നൽകിയിരുന്നില്ല. 2018 മുതലാണ് ഇത്തരത്തിൽ പുതിയ പാസുകൾ അനുവദിക്കുന്നത് നിർത്തലാക്കിയത്.
44,000 തദ്ദേശീയ വാഹനങ്ങൾക്കാണ് നിലവിൽ ടോൾ കന്പനി സൗജന്യ പാസ് അനുവദിച്ചിരുന്നത്. ഇവയിൽ ഫാസ്ടാഗ് സംവിധാനത്തിലേക്ക് 12000ത്തോളം വാഹനങ്ങൾ മാറി കഴിഞ്ഞു.