പുതുക്കാട്: പാലിയേക്കര ടോൾ പ്ലാസയിൽ പണം കൊടുത്തിട്ടും തല്ലുകൊണ്ടു പോകുന്ന യാത്രക്കാരുടെ ദയനീയാവസ്ഥയിലായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അമിതമായി പണം കൊടുത്ത് ഫാസ്റ്റാഗ് ട്രാക്കിലൂടെ പോകുന്ന യാത്രക്കാരുടെ ദുരനുഭവങ്ങളടങ്ങിയ ദൃശ്യങ്ങളാണ് ഓണക്കാലത്ത് മലയാളികൾ ഏറ്റുവാങ്ങിയത്.
യാത്രക്കാർക്ക് നേരെയുള്ള ടോൾ പ്ലാസയിലെ ജീവനക്കാരുടെ ഗുണ്ടായിസം പുറത്തായിട്ടും പോലീസും കന്പനി അധികൃതരും ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ തുനിയുന്നില്ലെന്നതാണ് യാഥാർത്ഥ്യം. കുടുംബവുമായെത്തിയ രണ്ട് കാറുകാരാണ് ടോൾ പ്ലാസയിലെ ജീവനക്കാരുടെ ഗുണ്ടായിസത്തിന് ഇരകളായത്. ഫാസ്റ്റാഗ് സ്ലിപ്പ് പതിച്ച് ട്രാക്കിലെത്തിയ വാഹനത്തിന്റെ ചില്ല് തകർത്താണ് ടോൾ കന്പനി ജീവനക്കാരൻ ദേഷ്യം തീർത്തത്.
അത്യാവശ്യത്തിന് കടന്നുപോകാൻവേണ്ടി എടുക്കുന്ന ഫാസ്റ്റാഗ് പാസ് ഉണ്ടായിട്ടും നീണ്ടനിരയിൽ കിടക്കുന്ന വാഹനങ്ങളുടെ അവസാനം വരിനിന്ന് പോകാനാണു സെക്യൂരിറ്റിക്കാരന്റെ ആജ്ഞാപനം. വിസമ്മതിച്ച യാത്രക്കാരന്റെ കാറിന്റെ ചില്ല് ഇടിച്ച് തകർത്താണ് സെക്യൂരിറ്റിക്കാരൻ പ്രതികാരം തീർത്തത്. മറ്റൊരു സംഭവത്തിൽ യാത്രക്കാരന്റെ തല അടിച്ചുപൊളിക്കാൻ മാരകായുധങ്ങളുമായാണ് ജീവനക്കാരന്റെ വരവ്, കൂടെ അസഭ്യവർഷവും.
ഫാസ്റ്റാഗ് ട്രാക്കിലെ തിരക്ക് ചോദ്യം ചെയ്തതിനാണ് യാത്രക്കാരനുനേരെ ടൂളുമായി ജീവനക്കാരനെത്തി ആക്രോശിച്ചത്. പണംകൊടുത്ത് തല്ലുകൊണ്ട് ടോൾ പ്ലാസ കടക്കുന്നുപോകേണ്ട ഗതികേടാണ് യാത്രക്കാരുടേത്. ഇതിനെതിരെ പരാതി കൊടുത്താൽ പരാതിക്കാരനെതിരെ കേസ് എടുക്കുകയാണ് പോലീസ് ചെയ്യുന്നതെന്നാണു യാത്രക്കാരുടെ ആരോപണം.