പുതുക്കാട്: പാലിയേക്കര ടോൾ പ്ലാസയിലെ നീണ്ട നിരയിൽ കുടുങ്ങിയ കാർയാത്രക്കാരിയായ യുവതി ടോൾ ബൂത്ത് തുറന്നു വാഹനങ്ങൾ കടത്തിവിട്ടു. 20 മിനിറ്റോളം ടോൾ കൊടുക്കാതെ യുവതി വാഹനങ്ങൾ കടത്തിവിട്ടു.
ഇതിനിടെ, യുവതിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്താനുള്ള ടോൾ ജീവനക്കാരുടെ ശ്രമം സംഘർഷത്തിനിടയാക്കി. യുവതിയുടെ ചിത്രങ്ങൾ പകർത്തിയ ജീവനക്കാരന്റെ മൊബൈൽ ഫോണ് പിടിച്ചുവാങ്ങി യുവതി എറിഞ്ഞുതകർത്തു. സ്ഥലത്തുണ്ടായിരുന്ന മറ്റു ജീവനക്കാർ യുവതിയെ കൈയേറ്റം ചെയ്യാനും ശ്രമം നടന്നു.
ടോൾ ബൂത്തിലെ ക്രോസ് ബാർ ഉയർത്തിപ്പിടിച്ചാണ് യുവതി വാഹനങ്ങൾ കടത്തിവിട്ടത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിയായ യുവതി വീട്ടിലേക്കു മടങ്ങുകയായിരുന്നു. ടോൾ ബൂത്തിൽ ആറുവാഹനങ്ങളേക്കാൾ കൂടുതൽ നിര വന്നാൽ ബൂത്ത് തുറന്നുവിടണമെന്നാവശ്യപ്പെട്ടായിരുന്നു യുവതിയുടെ പ്രതിഷേധം.
ടോൾ കന്പനി അധികൃതർ വിവരമറിയിച്ചതിനെതുടർന്ന് പുതുക്കാട് പോലീസ് സ്ഥലത്തെത്തി. യുവതിക്കെതിരെ കന്പനി അധികൃതർ പരാതി പറഞ്ഞെങ്കിലും പോലീസ് കേസെടുത്തില്ല. യുവതിക്കും പരാതി ഇല്ലാത്തതിനാൽ പോലീസ് ഇടപെട്ടു പ്രശ്നം പരിഹരിച്ചു.