പുതുക്കാട്: പാലിയേക്കര ടോൾപ്ലാസയിൽ പ്രാദേശിക വാഹനങ്ങൾക്കു സൗജന്യ യാത്രാപാസ് അനുവദിക്കുന്നതു നിർത്തിവച്ചു. ടോൾപ്ലാസ സെന്ററിന്റെ പത്തു കിലോമീറ്റർ ചുറ്റളവിലുള്ള പുതിയ വാഹനങ്ങൾക്കാണ് സൗജന്യയാത്ര നിഷേധിക്കുന്നത്. രാജ്യത്തെ ദേശീയപാതകളിൽ ഫാസ്ടാഗ് സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയപാത അഥോറിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി.
നേരത്തേ പ്രാദേശിക വാഹനങ്ങളുടെ ടോൾ സർക്കാരാണ് കന്പനിക്കു നൽകിവന്നിരുന്നത്. ഫാസ്ടാഗ് സംവിധാനം നടപ്പാക്കുന്പോൾ പ്രാദേശിക വാഹനങ്ങളുടെ ടോൾതുക എങ്ങനെ ഈടാക്കുമെന്ന കാര്യത്തിൽ സർക്കാർ തീരുമാനമുണ്ടാകാത്തതാണ് പ്രശ്നത്തിനു കാരണമെന്ന് ടോൾപ്ലാസ അധികൃതർ പറയുന്നു. ഇതു സംബന്ധിച്ച് കന്പനി അധികൃതർ സംസ്ഥാന – കേന്ദ്ര സർക്കാരുകൾക്കു നൽകിയ കത്തിന് ഇതുവരെ മറുപടിയൊന്നുമുണ്ടായിട്ടില്ല.
ഇപ്പോഴത്തെ നിലയിൽ പുതിയ പ്രാദേശിക വാഹന ഉടമകൾ ഒരുമാസത്തേക്ക് 150 രൂപയുടെ പാസെടുത്തു യാത്രചെയ്യേണ്ട സ്ഥിതിയാണ്. ഇതിനിടെ, പുതിയ ടോൾനിരക്ക് സെപ്റ്റംബർ 15 മുതൽ പിരിച്ചുതുടങ്ങി. കാറുകളുടെയും ചെറുവാഹനങ്ങളുടേയും നിരക്കിൽ വ്യത്യാസമില്ലെങ്കിലും വലിയ വാഹനങ്ങളുടേയും ഭാരവാഹനങ്ങളുടേയും നിരക്ക് ഉയർത്തിയിട്ടുണ്ട്.