ബിജു ഇത്തിത്തറ
കടുത്തുരുത്തി: കാർഷിക മേഖലയിൽ പ്രത്യേകിച്ചു ക്ഷീരമേഖലയിൽ നടത്തിയ വിജയകരവും ലാഭകരവുമായ കണ്ടു പിടിത്തങ്ങൾക്ക് നാട്ടിൻപുറത്തെ കർഷകനെ തേടി രാജ്യാന്തര യൂണിവേഴ്സിറ്റിയുടെ അംഗീകാരം. കപിക്കാട് കുറ്റിടയിൽ ടോം തോമസ് (57) നാണ് കാർഷിക മേഖലയിൽ നടത്തിയ വിജയകരമായ കണ്ടുപിടിത്തങ്ങൾക്ക് കൊളംബോയിൽ നടന്ന 56-മത് സമ്മേളനത്തിൽ ഓപ്പണ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഫോർ കോംപ്ലിമെന്ററി മെഡിസൻ ആണ് ഡോക്ടറേറ്റ് നൽകി ഇദേഹത്തെ ആദരിച്ചത്.
പാരന്പര്യമായി ലഭിച്ച നാട്ടറിവുകളും കാർഷിക മേഖലയിലെ തന്റെ പരിചയസന്പത്തും ഉപയോഗിച്ചു ടോം തോമസ് നടത്തിയ ജനോപകാരപ്രദമായ കണ്ടുപിടിത്തങ്ങളാണ് ഇദ്ദേഹത്തിന് അംഗീകാരം നേടികൊടുത്തത്.കഴിഞ്ഞദിവസം കൊളംബോയിൽ നടന്ന സമ്മേളനത്തിൽ വച്ച് ടോം തോമസ് അംഗീകാരം ഏറ്റുവാങ്ങി. തളർന്നു വീണ പശുക്കളെ രക്ഷപെടുത്താൻ ഇദ്ദേഹം രൂപം നൽകിയ ആനിമൽ കാരിയർ ഏറേ പ്രയോജനകരമായിരുന്നു.
കാത്സ്യത്തിന്റെ കുറവിനെ തുടർന്ന് തളർന്ന് വീഴുന്ന പശുവിനെ ഈ യന്ത്രത്തിന്റെ സഹായത്തോടെ ദിവസങ്ങളോളം ഉയർത്തി നിർത്തി ചികിത്സ നടത്താനായാൽ രക്ഷപെടുത്തിയെടുക്കാം. ചെറുതും തൂക്കം കുറഞ്ഞതുമായ യന്ത്രം ഒരാൾക്കുതന്നെ എടുത്തുകൊണ്ടു നടക്കാമെന്നതും തൊഴുത്തിനകത്തു ഉപയോഗിക്കാമെന്നതും ഒരാൾക്കു തന്നെ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നതുമെല്ലാം നേട്ടങ്ങളാണെന്നു ടോം പറയുന്നു. കൂടാതെ മറ്റു യന്ത്രം ഉപയോഗിച്ചു പശുവിനെ ഉയർത്തുന്പോൾ കയറിന്റെയും ചാക്കിന്റെയും സഹായം വേണം.
ഇത്തരത്തിൽ കയർ ഉപയോഗിച്ചു വലിച്ചു ഉയർത്തുന്പോൾ പശുവിന്റെ ശരീരഭാഗങ്ങളിൽ നീരും മുറിവും ഉണ്ടാകാനുള്ള സാധ്യതകളുമുണ്ട്. ടോമിന്റെ യന്ത്രത്തിൽ പലക ഉപയോഗിച്ചാണ് പശുവിനെ ഉയർത്തുന്നതെന്നതിനാൽ ഇത്തരം പ്രശ്നങ്ങളൊന്നുമുണ്ടാകില്ല. പശുവിനെ ഉയർത്തുന്നതിന് (ആനിമൽ കാരിയർ) താൻ നിർമിച്ച യന്ത്രത്തിന് ടോംസ് കൗ ലിഫ്റ്റിംഗ് എന്ന പേരാണ് നൽകിയിരിക്കുന്നത്.
തൊഴുത്തിലും മാർക്കറ്റിലും വീടുകളിലുമെല്ലാം ഈച്ചകൾ ശല്ല്യമായതോടെയാണ് ഇദ്ദേഹം നടത്തിയ കണ്ടുപിടിത്തവും ഏറേ ശ്രദ്ധ നേടിയിരുന്നു. പഴയ കന്നാസ് മുറിച്ചെടുത്താണ് വലയും പ്ലാസ്റ്റിക്ക് ചരടും കൊണ്ടുള്ള തന്ത്രം പരീക്ഷിച്ചത്. ഫ്ളൈ ട്രാപ്പ് എന്നാണ് ഈച്ച പിടിക്കുന്ന ഉപകരണത്തിന് പേരിട്ടിരിക്കുന്നത്. കന്നാസിന്റെ അടിഭാഗം വട്ടത്തിൽ മുറിച്ചു മാറ്റും. തുടർന്ന് മത്സ്യങ്ങളുടെയോ, കോഴിയുടെയോ മാലിന്യങ്ങളോ, ചക്കപഴമോ തുടങ്ങിയ ഈച്ചയെ ആകർഷിക്കുന്ന ഭക്ഷണവസ്തുക്കൾ പ്ലേറ്റ് പോലുള്ള മറ്റൊരു പാത്രത്തിൽ വയ്ക്കും.
ഈ പാത്രത്തിന്റെ മുകളിലായി മുറിച്ചെടുത്ത കന്നാസ് താഴ്ത്തി വയ്ക്കും. അടപ്പ് പോലുള്ള കന്നാസിന്റെ ഭാഗം മുകളിലോട്ടായിട്ടായിരിക്കും വയ്ക്കുന്നത്. തുടർന്ന് പാത്രത്തിൽ വച്ചിരിക്കുന്ന കന്നാസിന്റെ അടിയിലൂടെ ഈച്ചകൾ ഭക്ഷണവസ്തുക്കൾ തിന്നാൻ കയറുന്നതിനായി കന്പുപയോഗിച്ചു കന്നാസ്, ഭക്ഷണം ഇരിക്കുന്ന പാത്രത്തിൽ നിന്നും അൽപം ഉയർത്തി വയ്ക്കും.
കന്നാസിന്റെ മധ്യഭാഗത്തുവച്ചു മൂന്നുവശവും കൂട്ടിതുന്നിയ നെറ്റ് പ്ലാസ്റ്റിക് ചരടുപയോഗിച്ചു കെട്ടിയുറപ്പിച്ച ശേഷം മുകളിലായി ഇരുവശങ്ങളിലേക്കും വലിച്ചു കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക് ചരടിലേക്കു ഈ നെറ്റ് വലിച്ചു കെട്ടും. ഭക്ഷണത്തിന്റെ മണം കിട്ടുന്നതോടെ ഈച്ചകൾ ഇങ്ങോട്ടേക്കു ഇരച്ചെത്തും. പുറത്തുനിന്നും പുതിയ ഈച്ചകൾ എത്തുന്നതോടെ പാത്രത്തിലുള്ള ഈച്ചകൾ തുറന്നിരിക്കുന്ന കന്നാസിന്റെ വാ ഭാഗത്തുകൂടി മുകളിലേക്കു പറക്കും.
ഇതോടെ മുകളിൽ കെട്ടിയിരിക്കുന്ന നെറ്റിലകപെടുന്ന ഈച്ചകൾ രക്ഷപെടാനായി പറന്നു, പറന്നു ചത്തൊടുങ്ങും. അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിൽ നിന്നും ചെത്തിയെടുക്കുന്ന പുല്ല് വെള്ളം നിറഞ്ഞുകിടക്കുന്ന പാടത്ത് കൂടി ചെളി പറ്റാതെ കരയിലേക്കു കൊണ്ടു വരാൻ സഹായിക്കുന്ന എയർ ബോട്ട്, ചവിട്ടുകയും വാൽ വീശിയടിക്കുകയും ചെയ്യുന്ന പശുക്കളെ കറക്കാൻ സഹായിക്കുന്ന മൊബൈൽ കുറുന്തൊഴുത്ത്, തൊഴുത്തില്ലാത്തവർ ആദ്യം പശുക്കളെ വാങ്ങിയാൽ ഉപയോഗിക്കാവുന്ന മൊബൈൽ പുൽക്കൂട്, കുഴൽ കിണറിൽ നിന്നും മോട്ടോർ പൊക്കുന്നതിനും ഇറക്കുന്നതിനും ഉപയോഗിക്കുന്ന ടോംസ് ട്യൂബ് വെൽ പ്രോട്ടക്റ്റർ എന്നിങ്ങനെയുള്ള വിജയകരമായ നിരവധി പരീക്ഷണങ്ങളും ടോം നടത്തിയിട്ടുണ്ട്. കൗ ലിഫ്റ്റ് യന്ത്രത്തിന്റെ ടെക്നോളജി നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ അംഗീകരിച്ചിട്ടുണ്ടെന്നും ടോം പറഞ്ഞു.