തിരുവനന്തപുരം: സംസ്ഥാനത്തിന്റ ആറ് അതിർത്തികളിലൂടെ ആദ്യ നാലു ദിവസത്തിനുള്ളിൽ 30,000 പേർ എത്തുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്.
കേരളത്തിലേക്ക് തിരികെ എത്താൻ രജിസ്റ്റർ ചെയ്തവർക്ക് ഇലക്ട്രോണിക് പാസ് നൽകിയിട്ടുണ്ട്. ഏതു വഴിയാണ് വരേണ്ടതെന്നും സമയവും ഉൾപ്പടെ രേഖപ്പെടുത്തിയ ഇലക്ട്രോണിക് പാസ് ഇന്നലെ വൈകുന്നേരം മുതൽ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്.
പാസുമായി എത്തുന്നവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ കോവിഡിന്റെവാർ റൂമിൽ വിളിച്ചാൽ വേണ്ട നിർദ്ദേശങ്ങൾ ലഭിക്കും. രജിസ്റ്റർ ചെയ്തവർ ഏത് സംസ്ഥാനത്തോണോ താമസിക്കുന്നത് അവിടത്തെ ജില്ലാ കളക്ടറുടെ എൻ ഒസി വാങ്ങണം.
ഇലക്ട്രോണിക് പാസുണ്ടെങ്കിൽ കടത്തിവിടാമെന്ന് മഹാരാഷ്ട്ര അറിയിച്ചിട്ടുണ്ട്. എന്നാൽ ചില സംസ്ഥാനങ്ങൾ അവിടത്തെ എൻ ഒസി വാങ്ങണമെന്നു പറഞ്ഞിട്ടുണ്ട്. ഇക്കാര്യം അവിടത്തെ ചീഫ് സെക്രട്ടറിമാരുമായി ചർച്ച ചെയ്യും.
12,600 പേരാണ് അന്യ സംസ്ഥാനങ്ങളിൽ നിന്ന് ആറു ചെക്ക്പൊസ്റ്റുകൾ വഴി ദിവസേന കടന്നു വരുമെന്ന് പ്രതീക്ഷിക്കുന്നത്. ഇവരെ പരിശോധിക്കുന്നതടക്കമുള്ള കാര്യങ്ങള് ചെക്കുപോസ്റ്റുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
അസുഖ ബാധിതരുണ്ടെങ്കിൽ അവിടെ നിന്നു തന്നെ നിരീക്ഷണത്തിലേക്ക് അയക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉൾപ്പടെ എല്ലാം സജ്ജീകരിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി മാധ്യങ്ങളെ അറിയിച്ചു. സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഇളവുകൾ സംബന്ധിച്ചുള്ള ആശക്കുഴപ്പങ്ങൾ പരിഹരിക്കാൻ ശ്രമിക്കും.
ഇളവുകൾ സബന്ധിച്ച് അറിയിപ്പുകൾ നൽകാൻ ഒരു പോർട്ടൽ തയാറാക്കുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകുന്നതിനുള്ള ട്രെയിനുകളിൽ ചിലതു ഇന്നു റദ്ദാക്കിയതു സംബന്ധിച്ച് അന്വേഷിച്ചു.
ഒരുമിച്ച് ഇത്രയും പേർ ചെല്ലുന്നതിനാൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനുള്ള സമയം ആവശ്യമുണ്ട്. ഇതുകാരണമാണ് ട്രെയിനുകൾ റദ്ദാക്കിയതെന്ന് അറിയിച്ചിട്ടുണ്ടെന്നും ചീഫ് സംക്രട്ടറി പറഞ്ഞു.