കൊച്ചി: അച്ചടക്കലംഘനത്തിന്റെ പേരിൽ സംസ്ഥാന വോളിബോൾ അസോസിയേഷൻ അയച്ച കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകില്ലെന്ന് ദേശീയ വോളിബോൾ താരം ടോം ജോസഫ്. ജനങ്ങൾ തനിക്കുവേണ്ടി മറുപടി പറയും. വാട്സാപ്പിലൂടെയാണ് തനിക്ക് നോട്ടീസ് നൽകിയത്. ഈ നോട്ടീസ് പൊതുജനങ്ങൾക്കു നൽകുകയാണെന്നു അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
അസോസിയേഷൻ ഭാരവാഹികൾ തനിക്കെതിരേ ഉന്നയിച്ചആരോപണങ്ങൾ തെറ്റാണെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടു കഴിഞ്ഞു. കോച്ച് ജി.ഇ. ശ്രീധറിന് ചെരുപ്പുമാല അയച്ചുവെന്നാണ് അസോസിയേഷൻ ഭാരവാഹികളുടെ കണ്ടെത്തൽ. എന്നാൽ ഈ ആരോപണം സത്യമല്ലെന്നു ശ്രീധർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
2012ലും 2013ലും അർജുന അവാർഡിന് അസോസിയേഷൻ നോമിനേറ്റു ചെയ്തുവെന്നത് ശരിയാണ്. എന്നാൽ 2014ൽ അർജുന അവാർഡ് ലഭിച്ചത് അസോസിയേഷൻ നോമിനേറ്റു ചെയ്തതുകൊണ്ടല്ല. അർജുന അവാർഡ് ജേതാവ് ഉദയകുമാറും സ്പോർട്സ് കൗണ്‍സിലുമാണ് ആവർഷം തന്റെ പേര് നിർദേശിച്ചത്. അവാർഡ് ലഭിച്ചശേഷം വോളിബോളിന്റെ വികസനത്തിനു താൻ ഒന്നും ചെയ്തില്ലെന്ന ആരോപണം ശരിയല്ലെന്നും ടോം പറഞ്ഞു.