കോട്ടയം: നാട്ടുകാരുടെ പരാതി അന്വേഷിക്കാൻ എത്തിയ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ടോം മാത്യുവിനെയും പോലീസ് സംഘത്തെയും ആക്രമിച്ച സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടില്ലെന്നു പോലീസ്. സംഭവത്തെക്കുറിച്ചു പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്്.
പോലീസ് പിടികൂടിയ കോടിമത ഫ്ളാറ്റിൽ താമസിക്കുന്ന മുഹമ്മദ് ഷെറീഫ് (31), കിളിരൂർ നൗഷാദ് മൻസിലിൽ നിഷാദ് (29), വേളൂർ പനയ്ക്കൽചിറ വീട്ടിൽ അരുൾ മോഹൻ (23) എന്നിവരെ ഇന്നു കോടതിയിൽ ഹാജരാക്കും. ഇടതു കൈയ്ക്കു പൊട്ടലുള്ള ടോം മാത്യു ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി ഏഴു മണിയോടെ തിരുവാതുക്കലിന് സമീപം പള്ളിക്കോണത്താണ് സംഭവം. മദ്യലഹരിയിൽ ഏതാനും യുവാക്കൾ പള്ളിക്കോണത്തെ ഗ്രൗണ്ടിൽ കാർ ഇരപ്പിച്ച് സമീപവാസികൾക്ക് ശല്യമുണ്ടാക്കുകയായിരുന്നു. കാർ ഇരപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ഇതുവഴി പോയ മറ്റു വാഹനങ്ങൾക്കും അപകട ഭീഷണി സൃഷ്്ടിച്ചിരുന്നു.
ഇതോടെയാണു നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചത്. തുടർന്നു കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ചാർജിലുണ്ടായിരുന്ന എസ്ഐ ടോം മാത്യുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ജീപ്പിൽ സ്ഥലത്തെത്തിയത്. പോലീസ് എത്തുന്പോൾ ഒരു സ്വീഫ്റ്റ് കാർ ഗ്രൗണ്ടിൽ ഇരപ്പിക്കുന്നുണ്ടായിരുന്നു.
പോലീസ് എത്തി തടയാൻ ശ്രമിച്ചപ്പോൾ കാർ മുന്നോട്ടെടുത്തു. പിന്നീട് ഗ്രൗണ്ടിൽ വട്ടംചുറ്റി. കാറിലുള്ളവരോട് ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാതെ കാർ പിന്നോട്ടെടുത്ത് പോലീസ് ജീപ്പിൽ ഇടിപ്പിച്ചു. ഇങ്ങനെ രണ്ടു തവണ കാർ പിന്നോട്ടെടുത്ത് ഇടിപ്പിച്ച സമയത്താണ് എസ്ഐ ടോം മാത്യുവിന്റെ കൈക്ക് പരിക്കേറ്റത്.
മറ്റു പോലീസുകാർ ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. കാറിടിപ്പിച്ചതോടെ പോലീസ് ജീപ്പിനും കേടുപാടുണ്ടായി. പോലീസിനെ ആക്രമിച്ചതിനും കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. സംഭവമറിഞ്ഞ് ജില്ലാ പോലീസ് ചീഫ് ഹരിശങ്കർ, ഡിവൈഎസ്പി. ആർ. ശ്രീകുമാർ, എന്നിവർ വെസ്റ്റ് സ്റ്റേഷനിലെത്തി. സിഐ നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.