കടുത്തുരുത്തി: കാർഷികരംഗത്തെ അനുഭവങ്ങൾ പ്രചോദനമാക്കി കണ്ടുപിടിത്തങ്ങൾ നടത്തിയ കർഷകനെത്തേടി രാജ്യാന്തര അംഗീകാരം. കാർഷികരംഗത്തും പ്രത്യേകിച്ച് ക്ഷീരമേഖലയിലും നടത്തിയ കണ്ടുപിടിത്തങ്ങളാണ് കോട്ടയം കപിക്കാട് എന്ന നാട്ടിൻപുറത്തേക്കു കടൽ കടന്ന് അംഗീകാരം കൊണ്ടുവന്നത്.
കപിക്കാട് കുറ്റിടയിൽ ടോം തോമസി(57)നെ തേടിയാണ് രാജ്യാന്തര യൂണിവേഴ്സിറ്റിയുടെ അംഗീകാരം എത്തിയത്. കാർഷിക മേഖലയിലെ വിജയകരമായ കണ്ടുപിടിത്തങ്ങൾക്ക്, കൊളംബോയിൽ നടന്ന 56-മത് സമ്മേളനത്തിൽ ഓപ്പണ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഫോർ കോംപ്ലിമെന്ററി മെഡിസിൻ ആണ് ഒാണററി ഡോക്ടറേറ്റ് നൽകി ആദരിച്ചത്.
പാരന്പര്യമായി ലഭിച്ച നാട്ടറിവുകളും കാർഷികരംഗത്തെ പരിചയസന്പത്തും ഉപയോഗിച്ചടോം തോമസ് നടത്തിയ ജനോപകാരപ്രദമായ കണ്ടുപിടിത്തങ്ങളാണ് അംഗീകാരം നേടികൊടുത്തത്. കഴിഞ്ഞ ദിവസം കൊളംബോയിൽ ടോം തോമസ് അംഗീകാരം ഏറ്റുവാങ്ങി.
തളർന്നുവീണ പശുക്കളെ രക്ഷപ്പെടുത്താൻ രൂപം നൽകിയ ആനിമൽ കാരിയറാണ് കണ്ടുപിടിത്തങ്ങളിൽ ഏറെ ജനശ്രദ്ധ നേടിയത്. കാത്സ്യത്തിന്റെ കുറവിനെത്തുടർന്നു തളർന്നുവീഴുന്ന പശുവിനെ ഈ യന്ത്രത്തിന്റെ സഹായത്തോടെ ദിവസങ്ങളോളം ഉയർത്തിനിർത്തി ചികിത്സ നടത്താനായാൽ രക്ഷപ്പെടുത്താനാ വും. ചെറുതും തൂക്കം കുറഞ്ഞതുമായ യന്ത്രം ഒരാൾക്കുതന്നെ എടുത്തുകൊണ്ടു നടക്കാം. ഒരാൾക്കുതന്നെ പ്രവർത്തിപ്പിക്കാനും കഴിയുമെന്നു ടോം പറയുന്നു.
നിലവിലുള്ള മറ്റു യന്ത്രങ്ങൾ ഉപയോഗിച്ച് പശുവിനെ ഉയർത്തുന്പോൾ കയറിന്റെയും ചാക്കിന്റെയും സഹായം വേണം. ഇങ്ങനെ വലിച്ചുയർത്തുന്പോൾ പശുവിന്റെ ശരീരഭാഗങ്ങളിൽ നീരും മുറിവും ഉണ്ടാകാനുള്ള സാധ്യതകളുമുണ്ട്. ടോമിന്റെ യന്ത്രത്തിൽ പലക ഉപയോഗിച്ചാണു പശുവിനെ ഉയർത്തുന്നതെന്നതിനാൽ ഇത്തരം പ്രശ്നങ്ങളൊന്നുമുണ്ടാകില്ല. ഈ യന്ത്രത്തിന് കൗ ലിഫ്റ്റിംഗ് എന്നാണു പേരിട്ടിരിക്കുന്നത്.
തൊഴുത്തിലും മാർക്കറ്റിലും വീടുകളിലുമെല്ലാം ഈച്ചകൾ ശല്യമായതോടെയാണ് അവയെ തുരത്താനും ടോമിന്റെ കണ്ടുപിടിത്തം തുണയായി. പഴയ കന്നാസ് മുറിച്ചെടുത്താണ് വലയും പ്ലാസ്റ്റിക്ക് ചരടും കൊണ്ടുള്ള ഫ്ളൈ ട്രാപ്പ് എന്ന തന്ത്രം പരീക്ഷിച്ചത്. ഇതും അക്കഡേമിക് യോഗ്യതകളൊന്നുമില്ലാത്ത ടോം തോമസിനു കർഷകരുടെ ഏറെ അഭിനന്ദനം നേടിക്കൊടുത്തു.
അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിൽനിന്നു ചെത്തിയെടുക്കുന്ന പുല്ല് വെള്ളം നിറഞ്ഞുകിടക്കുന്ന പാടത്തുകൂടി ചെളി പറ്റാതെ കരയിലേക്കു കൊണ്ടുവരാൻ സഹായിക്കുന്ന എയർ ബോട്ട്, ചവിട്ടുകയും വാൽ വീശിയടിക്കുകയും ചെയ്യുന്ന പശുക്കളെ കറക്കാൻ സഹായിക്കുന്ന മൊബൈൽ കുറുന്തൊഴുത്ത്, തൊഴുത്തില്ലാത്തവർ ആദ്യം പശുക്കളെ വാങ്ങിയാൽ ഉപയോഗിക്കാവുന്ന മൊബൈൽ പുൽക്കൂട്, കുഴൽക്കിണറിൽനിന്നു മോട്ടോർ പൊക്കുന്നതിനും ഇറക്കുന്നതിനും ഉപയോഗിക്കുന്ന ടോംസ് ട്യൂബ് വെൽ പ്രോട്ടക്ടർ എന്നിങ്ങനെയുള്ള വിജയകരമായ നിരവധി പരീക്ഷണങ്ങളും ടോം നടത്തിയിട്ടുണ്ട്. കൗ ലിഫ്റ്റ് യന്ത്രത്തിന്റെ സാങ്കേതി കവിദ്യ നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ അംഗീകരിച്ചിട്ടുണ്ടെന്നു ടോം പറഞ്ഞു.
ഭാര്യ ഷൈലയുടെയും മക്കളായ ടെസി, ടോജൻ, എബി എന്നിവരുടെയും പിന്തുണയാണ് ടോമിന്റെ പരീക്ഷണങ്ങൾക്കു പ്രോത്സാഹനം.
ബിജു ഇത്തിത്തറ