കോണ്‍ഗ്രസിന് ഞെട്ടിക്കുന്ന തിരിച്ചടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനൊപ്പമെത്തിയാണ് ടോം നാടകീയമായി ബിജെപിയില്‍ ചേരുന്ന കാര്യം പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള ടോം വടക്കന്‍ നിലവില്‍ കോണ്‍ഗ്രസ് വക്താവായിരുന്നു.
മഹാരാഷ്ട്രയിലും ഗുജറാത്തിലും ബംഗാളിലും കഴിഞ്ഞ മൂന്നുദിവസമായി മറ്റു പാര്‍ട്ടികളില്‍ നിന്ന് നിരവധി നേതാക്കന്മാരാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. ബംഗാളില്‍ സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നാണ് എംപിയും എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ ടോം വടക്കന്റെ ബിജെപി പ്രവേശനം കോണ്‍ഗ്രസിന് കനത്ത തിരിച്ചടി തന്നെയാണ്.
ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന അഭിപ്രായ സര്‍വേകള്‍ പുറത്തു വന്നതാണ് ബിജെപിയിലേക്ക് ഒഴുക്കിന് കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. തുടര്‍ച്ചയായ രണ്ടാംവട്ടവും അധികാരത്തില്‍ നിന്നും പുറത്തു നില്‍ക്കേണ്ടി വന്നാല്‍ കോണ്‍ഗ്രസില്‍ നിന്നു കൂടുതല്‍പേര്‍ മറ്റു പാര്‍ട്ടികളിലേക്ക് ഒഴുകുമെന്നാണ് പുതിയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.