പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ എഐസിസി വക്താവുമായ ടോം വടക്കന്റെ കോണ്‍ഗ്രസ് വിട്ടുള്ള ബിജെപി പ്രവേശനമാണ് ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയ ശ്രദ്ധേയമായിരിക്കുന്നത്. ഇത് കോണ്‍ഗ്രസ് ക്യാമ്പില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പു വരെ ബിജെപിയ്ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന ടോം വടക്കനെയാണ് ഈയവസരത്തില്‍ സോഷ്യല്‍മീഡിയയില്‍ അടക്കം ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.
കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കും എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവ ഉയര്‍ത്തിക്കാട്ടി ഒരു ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പി നേതാവ് വി.വി രാജേഷിനെ വായടപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയ പ്രധാനമായും രംഗത്തെത്തിയിരിക്കുന്നത്.
കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കും എന്ന മോദിയുടെ പ്രസംഗം കേള്‍പ്പിച്ച് രാജേഷിനെ വായടപ്പിക്കുകയായിരുന്നു. ടോം വടക്കന്റെ ചോദ്യത്തിന് മുന്നില്‍ ഉത്തരം കിട്ടാതെ പതറുന്ന രാജേഷിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലുമായിരുന്നു.
ചര്‍ച്ചയില്‍ മോദിയുടെ 15 ലക്ഷം രൂപ വാഗ്ദാനത്തെ കുറിച്ച് അങ്ങനെയൊന്നില്ലെന്ന മട്ടില്‍ സംസാരിക്കുകയും തെളിവ് ചോദിക്കുകയും ചെയ്ത ബി.ജെ.പി നേതാവ് വി.വി രാജേഷിന് അത് മുന്കൂട്ടിയറിഞ്ഞു തെളിവടങ്ങുന്ന വീഡിയോയുമായി സ്റ്റുഡിയോയില്‍ വന്നാണ് രാജേഷിനെ അന്ന് ടോം വടക്കന്‍ ഉത്തരം മുട്ടിച്ചത്. ചര്‍ച്ചയുടെ ഈ വീഡിയോയാണ് ഇപ്പോള്‍ ബി.ജെ.പി പ്രവേശനത്തോടെ ടോം വടക്കനെ പരിഹസിച്ച് വീണ്ടും പ്രചരിപ്പിക്കുന്നത്.
അതേസമയം വടക്കന്റെ പഴയ ട്വീറ്റുകളും ആളുകള്‍ കുത്തിപ്പൊക്കുന്നുണ്ട്. ഒരു തവണ നിങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ നിങ്ങളുടെ എല്ലാ പാപങ്ങളും കഴുകിക്കളയപ്പെടുമെന്നായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 3 ന് ടോം വടക്കന്‍ ട്വിറ്ററില്‍ കുറിച്ചത്.
രണ്ട് ദിവസം മുന്‍പ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് ടോം വടക്കന്‍ റീ ട്വീറ്റ് ചെയ്തിരുന്നു. വ്യോമാക്രമണം 22 ലോക്സഭാ സീറ്റ് നേടിത്തരുമെന്ന കര്‍ണാടക ബി.ജെ.പി നേതാവ് യെദ്യൂരപ്പയുടെ വിവാദ പ്രസ്താവനയെ ‘വൃത്തികെട്ട രാഷ്ട്രീയം’ എന്നാണ് ടോം വടക്കന്‍ ഫെബ്രുവരി 28 ലെ പോസ്റ്റില്‍ വിശേഷിപ്പിച്ചത്.
നിങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ എല്ലാ കുറ്റകൃത്യങ്ങളില്‍ നിന്നും മുക്തി നേടാം’ എന്ന പരിഹാസ ട്വീറ്റ് നടത്തിയതാകട്ടെ ഫെബ്രുവരി നാലിനും. ഏതെങ്കിലും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണമോ പണം തട്ടിപ്പോ വന്നാല്‍ അവര്‍ എന്താണ് ചെയ്യുക? നേരെ ബി.ജെ.പിയില്‍ ചേരുമെന്ന വസുദേവന് കെ യുടെ ട്വീറ്റ് ടോം വടക്കന്‍ മാര്‍ച്ച് അഞ്ചിനാണ് റീ ട്വീറ്റ് ചെയ്യുന്നത്. ഈ ട്വീറ്റുകളൊക്കെ ഇപ്പോള്‍ ടോം വടക്കന്‍ നേരെ തിരിഞ്ഞ് കൊത്തുകയാണ്. ഇംഗ്ലീഷ്, ഹിന്ദി ചാനലുകളിലെ ചര്‍ച്ചകളിലടക്കം കോണ്‍ഗ്രസിനുവേണ്ടി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്ന നേതാവായിരുന്നു ടോം വടക്കന്‍.
ഇതേസമയം ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് കേക്ക് മുറിച്ച് ആഘോഷിക്കുകയുണ്ടായി, തൃശൂരിലെ ദേശമംഗലത്തുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയ്ക്കാണ് ടോം വടക്കന്‍ തീരുമാനം പ്രഖ്യാപിച്ചതും അംഗത്വം സ്വീകരിച്ചതും. ടോം വടക്കന്റെ ഫോട്ടോയ്ക്ക് മുന്നില്‍ ‘ചാണക വടക്കന്‍ നന്ദി’ എന്ന് എഴുതിയ കേക്കാണ് ഇവര്‍ മുറിച്ചത്. ഒരു ശല്യമൊഴിഞ്ഞതില്‍ കോണ്‍ഗ്രസിന് സന്തോഷമേയുള്ളെന്ന് ആഘോഷം നടത്തിയവര്‍ വ്യക്തമാക്കി.