ജോണ്സണ് വേങ്ങത്തടം
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കുന്പോൾ ബിജെപിക്കു വിട്ടുമാറാത്ത തലവേദനയായി സീറ്റ് വിഭജനം. സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ള, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, കെ. സുരേന്ദ്രൻ എന്നിവർക്കു സീറ്റ് കൊടുക്കാൻ കഴിയാതെ വിഷമിക്കുന്പോൾ ഇതാ കോണ്‍ഗ്രസിന്റെ വക്താവായിരുന്ന ടോം വടക്കൻ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെ കേരളത്തിലേക്കു വന്നിറങ്ങിയിരിക്കുന്നു. ഒറ്റ രാത്രി കൊണ്ടു സീറ്റ് ഉറപ്പിച്ചു ടോം വടക്കൻ കോണ്‍ഗ്രസിൽനിന്നും ബിജെപി പാളയത്തിലെത്തിയതു സീറ്റ് മോഹിച്ചാണെന്ന പ്രചാരണം ശക്തമാണ്.
അതും തൃശൂർ സീറ്റാണ് മോഹമെന്നും സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നു. അമിത് ഷായും നരേന്ദ്രമോദിയും സീറ്റ് വാഗ്ദാനം നൽകിയാണ് കോണ്‍ഗ്രസിന്റെ വക്താവായിരുന്ന ടോം വടക്കനെ ബിജെപി പാളയത്തിലെത്തിച്ചിരിക്കുന്നതെന്നറിയുന്നത്. കഴിഞ്ഞ രണ്ട് പാർലമെന്റ് തെരഞ്ഞെടുപ്പുകളിലും ടോം വടക്കൻ കോണ്‍ഗ്രസിൽനിന്നും തൃശൂർ സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഓരോ കാരണം പറഞ്ഞു ടോം വടക്കനു സീറ്റ് കോണ്‍ഗ്രസ് നിഷേധിച്ചു.
വടക്കനു സീറ്റ് നൽകുന്നതുതന്നെ വിവാദമായി മാറിയിരുന്നു. ഇക്കുറിയും സീറ്റ് മോഹിച്ചെങ്കിലും കോണ്‍ഗ്രസ് നൽകാൻ തയാറായിട്ടില്ല. കെപിസിസി തയാറാക്കിയ സാധ്യതപട്ടികയില്ലൊന്നും ടോം വടക്കന്റെ പേര് വന്നിട്ടില്ല. ഇതെല്ലാം മനസിലാക്കിയാണ് ടോം വടക്കൻ ബിജെപി പാളയത്തിലെത്തിരിക്കുന്നത്. ടോം വടക്കനു തൃശൂർ സീറ്റ് വേണമെന്നാണ് ആവശ്യം. യാതൊരു ഉപാധികളുമില്ലാതെയാണ് ബിജെപിയിൽ എത്തേിയിരിക്കുന്നതെന്നാണ് വടക്കൻ പറയുന്നതെങ്കിലും സീറ്റിൽ കുറഞ്ഞതൊന്നും അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്ന പ്രചാരണം ശക്തമായിട്ടുണ്ട്.
പക്ഷേ, ബിജെപിയ്ക്കു ടോം വടക്കനു സീറ്റ് നൽകുന്നതു പ്രത്യേകിച്ചു തൃശൂർ നൽകുന്നതു തലവേദനയാണ്. ഓരോ കൂട്ടലും കിഴിക്കലും കഴിഞ്ഞു ബിഡിജെസ് പാർട്ടിയുടെ അധ്യക്ഷനായ തുഷാർവെള്ളാപ്പിള്ളിക്കു വേണ്ടി മാറ്റി വച്ചിരിക്കുകയാണ് തൃശൂർ. അദ്ദേഹം മത്സരിക്കുന്നില്ലെങ്കിൽ മാത്രമേ ഈ സീറ്റ് ടോം വടക്കനു കൊടുക്കാൻസാധിക്കൂ. എന്നാൽ വെള്ളാപ്പിള്ളിയുടെ അനുഗ്രഹത്തോടെ തുഷാർ എത്തുമെന്നാണ് ബിജെപി വെളിപ്പെടുത്തുന്നത്. തുഷാർ മത്സരിക്കുന്നില്ലെങ്കിൽ ഈ സീറ്റിനുവേണ്ടി നിലകൊണ്ട സംസ്ഥാനജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ സാധ്യത വീണ്ടും മങ്ങുകയാണ്.
ടോം വടക്കനെ ചാലക്കുടിയിലേക്കു മാറ്റുന്ന കാര്യമാണ് ബിജെപി ആലോചിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി ഇന്നസെന്റിനെതിരേ ചാലക്കുടിയിൽ ടോം വടക്കനെ മത്സരിപ്പിക്കുന്ന കാര്യം പരിഗണനയിലെടുത്തിരിക്കുകയാണ് ബിജെപി. ഈ സീറ്റിനോടു ടോം വടക്കൻ എപ്രകാരം പ്രതികരിക്കുമെന്നറിയില്ല. എന്നാൽ തൃശൂർ അല്ലെങ്കിൽ ചാലക്കുടി ലഭിച്ചാൽ വടക്കൻ മത്സരിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ഏതായാലും ഓരോ ദിവസവും കഴിയുംതോറും ബിജെപിയുടെ തലവേദന മാറുന്നില്ല. സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയും സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രനും എം.ടി രമേശും പത്തനംതിട്ട സീറ്റിനു വേണ്ടി മത്സരിക്കുകയാണ്. എം.ടി. രമേശ് ഈ സീറ്റ് കിട്ടിയില്ലെങ്കിൽ മത്സരിക്കുകയില്ലെന്നു വരെ അറിയിച്ചു കഴിഞ്ഞു. ബിജെപിക്കു വേരോട്ടമുള്ള അഞ്ച് സീറ്റുകളിൽ ഒന്നിൽ പോലും കിട്ടാത്ത അവസ്ഥയാണ് സുരേന്ദ്രനുള്ളത്.
തിരുവനന്തപുരം , ആറ്റിങ്ങൽ, തൃശൂർ, പത്തനംതിട്ട, കോഴിക്കോട് സീറ്റുകൾ സുരേന്ദ്രനു ലഭിക്കില്ലെന്ന അവസ്ഥയുണ്ട്. എം.ടി. രമേശിനെ കോഴിക്കോട് നിർത്താനും ആലോചിക്കുന്നു. ഏതായാലും കുമ്മനവും ശ്രീധരൻപിള്ളയും ഡൽഹിയിൽ അഖിലേന്ത്യാ നേതൃത്വവുമായി ചർച്ച നടത്തുന്നതോടെ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.