ജോണ്സണ് വേങ്ങത്തടം
കൊച്ചി: തൃശൂർ, വയനാട് മണ്ഡലങ്ങളുടെ കാര്യം ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത്ഷാ തീരുമാനിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ തുഷാർ വയനാട്ടിൽ മത്സരിച്ചാൽ തൃശൂർ ബിജെപി ഏറ്റെടുക്കും. അമിത്ഷാ തീരുമാനിക്കട്ടെ എന്നാണ് തുഷാറും പറയുന്നത്. തുഷാറിനു വലിയ ഓഫർ കൊടുത്തു കൂടെ കൂട്ടിയിരിക്കുന്നതു കൊണ്ടു അമിത് ഷാ പറയുന്നതിനെതിരായി ബിഡിജഎസ് നിൽക്കില്ല. ടോം വടക്കനും എം.ടി രമേശിനും ശ്രീധരൻപിള്ളക്കും വീണ്ടും പ്രതീക്ഷ കൂടിയതും ഇതു കൊണ്ടാണ്.
രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയതോടെ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി വയനാട്ടിലേക്കു ചെക്കേറിയാൽ തൃശൂർ സീറ്റ് ബിജെപി ഏറ്റെടുക്കുമെന്ന സൂചനപുറത്തുവന്നു. ഇതോടെ കോണ്‍ഗ്രസിൽ നിന്നും മറുകണ്ടം ചാടി ബിജെപിയിലെത്തിയ തൃശൂർ സ്വദേശിയായ ടോം വടക്കനും സീറ്റില്ലാതെ മാറി നിൽക്കുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശിനും സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ളക്കും പ്രതീക്ഷയേറി.
എന്നാൽ, ടോം വടക്കൻ ആവശ്യപ്പെട്ടിരുന്ന സീറ്റ് തൃശൂരായിരുന്നു. തൃശൂർ അല്ലെങ്കിൽ എറണാകുളം ലഭിച്ചാൽ മത്സരരംഗത്തുണ്ടായിരിക്കുമെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തെ ടോം വടക്കൻ അറിയിച്ചിരുന്നത്. എന്നാൽ, ബിഡിജെഎസിനു തൃശൂർ സീറ്റ് നല്‍കിയതോടെ മാറി നിൽക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും പ്രതീക്ഷ ഉയരുകയാണ്. പത്തനംതിട്ട സീറ്റിനുവേണ്ടിയാണ് എം.ടി രമേശ് ഇടിച്ചിരുന്നത്.
എന്നാൽ, ഈ സീറ്റ് മറ്റൊരു സംസ്ഥാന ജനറൽ സെക്രട്ടറിയായ കെ. സുരേന്ദ്രനു നൽകിയതോടെ മാറി നിൽക്കുകയായിരുന്നു. എം.ടി രമേശിനു തൃശൂരിനോടു താൽപര്യമില്ല. എന്നാൽ മത്സരരംഗത്തുണ്ടാകണമെന്നു പാർട്ടി ആവശ്യപ്പെട്ടാൽ മാറിനിൽക്കില്ലെന്നു മാത്രം. ശ്രീധരൻപിള്ളയോടു തൽക്കാലം മത്സരിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്രനേതൃത്വം എടുത്തിരുന്നത്. എന്നാൽ തൃശൂർ സീറ്റ് പാർട്ടി ഏറ്റെടുക്കുന്ന അവസരം വന്നതുകൊണ്ട് ശ്രീധരൻപിള്ളക്കും പ്രതീക്ഷയാണ്.
ടോം വടക്കനെ സംബന്ധിച്ചു തൃശൂർ സീറ്റാണ് താല്പര്യം. സ്വന്തം നാട്ടിൽ മത്സരിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. എന്നാൽ ബിജെപിക്കു വിട്ടുനല്‍കാതെ ബിഡിജെഎസ് തന്നെ മത്സരിക്കുമോ എന്നാണ് ഇപ്പോൾ അറിയാനുള്ളത്. വയനാട് സീറ്റ് ബിജെപി ഏറ്റെടുത്തു രാഹുൽ ഗാന്ധിക്കെതിരേ പ്രമുഖരെ കൊണ്ടു വന്നാൽ തൃശൂരിലേക്കു തുഷാറിനു മടങ്ങേണ്ടി വരും.
വയനാട് സീറ്റ് ബിജെപിക്കു കൊടുക്കുന്നതിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ തുഷാറിനു താല്‍പ്പര്യക്കുറവില്ലെന്നാണ് അറിയുന്നത്.